ഇറാന് മേൽ അമേരിക്കയുടെ പൂർണ ഉപരോധം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ എണ്ണ വിപണനത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്ക് ആശങ്കയുളവായി. ഇറാനുമേൽ പൂർണ ഉപരോധം നടപ്പാകാനിരിക്കെ അന്താരാഷ്ട്ര വിപണിയിലെ എണ്ണ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
എണ്ണ ലഭ്യതയിൽ കുറവ് വരാതിരിക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുമായും കമ്ബനികളുമായും യുഎസ് ചർച്ച നടത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഉപരോധത്തിന് മുന്നോടിയായി ഉൽപാദനം വർധിപ്പിക്കാൻ യുഎസ് ആഭ്യന്തര കമ്പനികൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ആവശ്യത്തിനനുസരിച്ച് ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുളള രാഷ്ട്രങ്ങൾക്ക് നൽകിയ ഇളവുകൾ പിൻവലിക്കുകയാണെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ഇപ്പോഴും ക്രൂഡ് ഓയിൽ നിരക്ക് ഉയർന്ന് തന്നെ നിൽക്കുകയാണ്. ബാരലിന് 72.08 ഡോളറാണ് കഴിഞ്ഞ ദിവസത്തെ ക്രൂഡ് ഓയിൽ നിരക്ക്.