മിനിയാപൊളിസ് : ജോർജ് ഫ്ലോയ്‌ഡ് വധക്കേസിൽ യു.എസിൽ മുൻ പൊലീസ്ഉദ്യോഗസ്ഥന് ഇരുപത്തിരണ്ടര വർഷം തടവ്. ആഫ്രിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിനെ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്ന കേസിലാണ് പൊലീസ് ഓഫിസറായിരുന്ന ഡെറക് ഷോവിന് (45) ശിക്ഷ വിധിച്ചത്.
2020 മേയിൽ യുഎസിലെ മിനിയാപൊളിസ് നഗരത്തിൽ ജോര്‍ജ് ഫ്ലോയ്ഡിനെ വിലങ്ങുവെച്ച് നിലത്തുവീഴ്ത്തി കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഫ്ലോയ്ഡിനെ പൊലീസ് ഓഫീസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നു. മിനിയാപൊളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിന്‍റെ കുടുംബത്തിന്‍റെ വേദന തിരിച്ചറിയണമെന്ന് ജഡ്ജി പറഞ്ഞു. അധികാരസ്ഥാപനത്തിന്‍റെ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു.
2020 മേയ് 25-നാണ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്ലോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. 8 മിനിറ്റും 46 സെക്കന്‍ഡും ഷോവിന്‍റെ കാല്‍മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ‘എനിക്ക് ശ്വാസംമുട്ടുന്നു’ എന്ന ഫ്ലോയ്ഡിന്‍റെ അവസാനനിലവിളി മുദ്രാവാക്യമാക്കി യു.എസിലെങ്ങും പ്രതിഷേധം ശക്തമായിരുന്നു.
ഡെറക് ഷോവിൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘത്തിന്‍റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നിൽ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്‍റെ പ്രധാന കുറ്റാരോപണങ്ങൾ കോടതി ശരിവെച്ചു.