‘സി.പി.എം കൊലവിളി’യില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

 

തിരുവനന്തപുരം : കണ്ണൂരിലെ മയ്യിൽ പ്രദേശത്ത് സി.പി.എം പ്രവർത്തകർ കോൺഗ്രസ്, ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കർ തള്ളി. പ്രശ്നം പ്രാദേശികമാണെന്ന് ചൂണ്ടിക്കാട്ടി അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചശേഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫാണ് ഗൗരവതരമായ കൊലവിളി മുദ്രാവാക്യം സംബന്ധിച്ച പ്രമേയം സഭയിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് പരിഗണനയ്ക്ക് എടുക്കാൻ സ്പീക്കർ തയാറായില്ല. പ്രശ്നം പ്രാദേശികമെന്നും അടിയന്തര പ്രമേയ പരിധിയിൽ വരാത്തതു കൊണ്ടാണ് തള്ളുന്നതെന്നും സ്പീക്കർ പറഞ്ഞു.

എന്നാൽ കോൺഗ്രസ്, ലീഗ് നേതാക്കളെ കൊന്നുതള്ളുമെന്ന കൊലവിളിയാണ് നടന്നതെന്നും ഇക്കാര്യങ്ങൾ സഭയിൽ വരുന്നത് സ്പീക്കർ തടഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തുടർന്ന് പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തി സ്പീക്കറുടെ ഡയസിന് സമീപം നിലയുറപ്പിച്ച പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Comments (0)
Add Comment