ലാവലിന്‍ കേസ് 21 ാം തവണയും മാറ്റി ; ഇനി ആവശ്യപ്പെടരുതെന്ന് കോടതിയുടെ താക്കീത്

Jaihind Webdesk
Tuesday, April 6, 2021

Supreme-Court-of-India

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഊര്‍ജവകുപ്പ് മുന്‍ ജോയന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്‍റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി കേസ് മാറ്റിവെക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് എ. ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സി.ബി.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.