യുപിയില്‍ യുവാവിന്‍റെ കൈയിലും കാലിലും ആണി തറച്ചു; ക്രൂരത മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച്, നിഷേധിച്ച് പൊലീസ്

ഉത്തര്‍പ്രദേശില്‍ മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന്‍റെ കൈയിലും കാലിലും പോലീസ് ആണി തറച്ചെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. അതേസമയം ഉത്തര്‍ പ്രദേശ് പൊലീസ് പൊലീസ് ഇക്കാര്യം നിഷേധിച്ചു.

മെയ് 24 ന് രാത്രി 10 മണിയോടെ മകനെ മൂന്ന് പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയതായി അമ്മ പരാതിയില്‍ പറയുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയോട് മകന്‍ അവിടെയില്ലെന്ന് പൊലീസുകാര്‍ അറിയിക്കുകയും കുറച്ച് സമയത്തിന് ശേഷം ഇയാളെ കയ്യിലും കാലിലും ആണി തറച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ചാണ് പൊലീസ് ഈ ക്രൂരത ചെയ്തതെന്ന് യുവാവിന്‍റെ അമ്മപറയുന്നു.

“എന്‍റെ മകന് ആക്രി വസ്തുക്കള്‍ ശേഖരിക്കുന്ന തൊഴിലാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസുകാർ അവനെ തടഞ്ഞു. അവർ അവനെ വടികൊണ്ട് അടിക്കുകയും കൈകാലുകളില്‍ ആണി തറയ്ക്കുകയും ചെയ്തു. ചെവിയിലും രക്തസ്രാവമുണ്ട്” – യുവാവിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ മകനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു.

മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് കൈകാലുകള്‍ കെട്ടിയതിന്ശേഷം കയ്യിലും കാലിലും ആണി തറയ്ക്കുകയായിരുന്നുവെന്ന് യുവാവും പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ചെവിയിലൂടെ രക്തസ്രാവമുണ്ടായെന്നും ശരിക്ക് കേള്‍ക്കാനാകുന്നില്ലെന്നും യുവാവ് പരാതി പറയുന്നു. അതേസമയം രഞ്ജിത്ത് സ്വയമായി ആണിതറച്ചതാണെന്നും കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതെന്നും ബറേലി എസ്.എസ്.പി രോഹിത് സിംഗ് സജ് വാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment