യു.പിയില്‍ പ്രിയങ്കഗാന്ധി തരംഗമാകും; 30 സീറ്റുകളില്‍ വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ബി.ജെ.പിയുടെ വോട്ട് ബാങ്കുകള്‍ തകര്‍ന്നടിയും

ലഖ്നൗ: യു.പിയില്‍ മഹാസഖ്യത്തിനും ഭീഷണിയായി രാഹുല്‍ഗാന്ധിയുടെ പ്രചാരണങ്ങള്‍. മഹാസഖ്യം ഓരോ മണ്ഡലത്തിലും വിജയസാധ്യത എടുത്തപ്പോള്‍ പ്രധാന വെല്ലുവിളിയായി കാണുന്നത് കോണ്‍ഗ്രസ്. ഇതോടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് ഇപ്പോള്‍ മഹാസഖ്യത്തിന്റെ പ്രചാരണങ്ങള്‍ മുന്നോട്ടുപോകുന്നത്.

യുപിയില്‍ നിന്ന് പരമാവധി സീറ്റുകള്‍ വേണമെന്നാണ് രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതേ തുടര്‍ന്ന് പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ആദ്യമായി ലഖ്നൗവില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മത്സരിക്കുന്ന മണ്ഡലമാണിത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസുമായി വിട്ടുവീഴ്ച്ച ചെയ്യാത്ത സാഹചര്യത്തില്‍ വിട്ടുകൊടുക്കില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

സമാജ് വാദി പാര്‍ട്ടിക്ക് 42 സീറ്റുകളില്‍ വ്യക്തമായ ആധിപത്യമുണ്ട്. ഇവിടെ കോണ്‍ഗ്രസ് ശക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് കൊണ്ട് ഫലം ചെറിയ തോതില്‍ മാറാം. യാദവ്, ദളിത്, മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളാണ് എസ്പി പിടിക്കുക. ഇതില്‍ കോണ്‍ഗ്രസിന് മുസ്ലീങ്ങളുടെ പിന്തുണ ശക്തമായുണ്ട്. അതാണ് എസ്പിയെ ആശങ്കപ്പെടുത്തുന്നത്. ജനകീയ നേതാവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ യു.പിയിലാകെ അലയടിക്കുന്നുണ്ട്.

ബിഎസ്പിയുടെ ദളിത് മുസ്ലീം വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിലേക്ക് പോകാന്‍ സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. 20 സീറ്റുകള്‍ ബിഎസ്പിയും 10 സീറ്റുകള്‍ കോണ്‍ഗ്രസിനും ലഭിച്ചേക്കും. പശ്ചിമ യുപിയിലാണ് ബിഎസ്പിയുമായി കോണ്‍ഗ്രസിന് പോരാട്ടമുള്ളത്. ഇവിടെ പ്രിയങ്കയുടെ രാഷ്ട്രീയ നിലപാടുകളാണ് നിര്‍ണായകമാകുന്നത്.

ബിജെപിയെ സംബന്ധിച്ച് സ്വന്തമായുള്ള വോട്ടുബാങ്ക് യുപിയില്‍ ഇത്തവണ തകര്‍ന്നടിയും. യോഗി ആദിത്യനാഥാമഅ ഇതില്‍ പ്രധാന കാരണക്കാരന്‍. മോദിയുടെ നയങ്ങള്‍ തൊഴില്‍ക്ഷാമം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപിക്കുള്ള എംപിമാരും എംഎല്‍എമാരും വളരെ മോശം പ്രതിച്ഛായയുള്ളവരാണ്. രാജ്നാഥ് സിംഗിന് പോലും വിജയസാധ്യത ശക്തമല്ല. രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി ഉറപ്പായും അധികാരത്തില്‍ വരുമെന്ന് പറയാന്‍ സാധിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഇന്റേണല്‍ സര്‍വേയില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയിരിക്കുന്നത് കോണ്‍ഗ്രസാണ്.

ഡിസംബറിന് ശേഷം രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത യുപിയില്‍ വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍. അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുത്തിയ ശക്തി ആപ്പ് രാഹുലിനെ ജനകീയനാക്കിയിരിക്കുകയാണ്. മറ്റൊന്ന് ന്യായ് പദ്ധതിയാണ്. യുപിയില്‍ ദരിദ്രരുടെ എണ്ണം മറ്റേത് സംസ്ഥാനങ്ങളേക്കാളും കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജനങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ രാഹുലിന്റെ പദ്ധതി വന്‍ ചര്‍ച്ചാ വിഷയമാണ്.

യുപിയില്‍ കോണ്‍ഗ്രസ് ശക്തമാണെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തമായിരിക്കുകയാണ്. ബിഎസ്പിയില്‍ നിന്ന് പ്രമുഖ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. രാഹുലുമായി മുതിര്‍ന്ന ബിഎസ്പി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. മായാവതിക്ക് പാര്‍ട്ടിയെ നിയന്ത്രിക്കാനാവില്ലെന്ന പരാതിയുമുണ്ട്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാതെ ഒഴിവാക്കിയത് മായാവതിയുടെ വീഴ്ച്ചയാണെന്ന് മഹാസഖ്യത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ബിജെപിയുടെ വോട്ടുബാങ്കും കോണ്‍ഗ്രസിന് മുന്നില്‍ ഭീഷണിയിലാണ്.

Comments (0)
Add Comment