സര്‍ക്കാര്‍ ആശുപത്രികള്‍ അടക്കം ചികിത്സ നിഷേധിച്ചു; യുപിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു

Jaihind News Bureau
Saturday, June 6, 2020

 

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ചികിത്സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി ആംബുലന്‍സില്‍ വച്ച് മരിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു യുവതിയുടെ മരണം. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ജില്ലാഭരണകൂടം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

30 വയസുകാരിയായ നീലമാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിജേന്ദര്‍ സിങ് ആംബുലന്‍സ് സംഘടിപ്പിച്ച് സാധാരണ ചികില്‍സ തേടുന്ന ശിവാലിക് ആശുപത്രിയിലെത്തിയെങ്കിലും ബെഡ് ഇല്ലെന്ന് കാരണം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു.

തുടര്‍ന്ന് ഇ.എസ്.ഐ ആശുപത്രി, ശാരദ, ഫോര്‍ട്ടിസ്, മാക്സ്, ജെപി തുടങ്ങിയ ആശുപത്രികളിലുമെത്തി. എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.  രണ്ടാഴ്ച മുന്‍പ് സമാനമായ സംഭവത്തില്‍ ചികില്‍സ കിട്ടാതെ നോയിഡയില്‍ നവജാതശിശു മരിച്ചത് വിവാദമായിരുന്നു.