ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് യു.പി പൊലീസ്

Jaihind News Bureau
Thursday, October 1, 2020

 

ലക്‌നൗ: ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് യു.പി പൊലീസ്.  ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം കഴുത്തിനേറ്റ പരുക്കാണെന്നും ജാതിസംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമമെന്നും പൊലീസ്.

അതേസമയം ഹത്രാസിലേക്കുള്ള യാത്രാമധ്യേ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ക്രൂരമായി പെരുമാറിയെന്ന് രാഹുല്‍ ഗാന്ധി. പൊലീസ് മര്‍ദിച്ചതായും തള്ളിയിട്ടതായും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന്‍ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ലെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പൊലീസിനോട് ചോദിച്ചു. യാത്രാമധ്യേ ഇരുവരേയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി- യുപി അതിര്‍ത്തിയിലാണ് തടഞ്ഞത്. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുവച്ച് അടച്ചു. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.