യുപി സർക്കാർ സത്യംമറയ്ക്കാനായി അക്രമം അഴിച്ചുവിടുന്നു: രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, October 2, 2020

 

ഉത്തര്‍പ്രദേശ് ഭരണകൂടം സത്യംമറയ്ക്കാനായി കാടത്തവും അക്രമവും സ്വീകരിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരെയോ പീഡനത്തിന് ഇരയായ കുട്ടിയുടെ കുടുംബവുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാത്രമല്ല കുടുംബാംഗങ്ങളെ ആരെയും പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കുന്നുമില്ല. ഇതിന് പുറമേയാണ് കുടുംബാംഗങ്ങള്‍ക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടാകുന്നത്. ഇത്തരം പ്രവർത്തനങ്ങളെ ന്യായീകരിക്കാന്‍ ഒരു ഇന്ത്യാക്കാരനും കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അനീതിക്ക് മുന്നിൽ തല കുനിക്കില്ലെന്നും അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.

“ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഗാന്ധി ജയന്തി ആശംസകൾ”, രാഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു.