ഐശ്വര്യ കേരള യാത്ര കേരളം എറ്റെടുത്തു; സിപിഎം അങ്കലാപ്പിൽ; കൊവിഡിന്‍റെ മറവിൽ യാത്രയെ തകർക്കാനുള്ള നീക്കം അണിയറയിൽ സജീവം

Jaihind News Bureau
Tuesday, February 2, 2021

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര സി.പി.എം കേന്ദ്രങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നു. യാത്ര രണ്ടു ദിവസം പിന്നിട്ടപ്പോൾ വടക്കൻ മലബാറിലെ സി.പി.എം ശക്തി കേന്ദ്രങ്ങളിൽ യാത ചലനം ഉണ്ടാക്കിയതോടെ ഭരണ തുടർച്ച എന്ന സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം സംസ്ഥാന നേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് യാത്രയെ സ്വീകരിക്കാനും പങ്കാളികളാകാനും ആയിരങ്ങൾ എത്തിയത് സിപിഎം കേന്ദങ്ങളെ ഞെട്ടിച്ചു. മുമ്പെങ്ങും ഇല്ലാത്ത ജനപങ്കാളിത്തമാണ് കണ്ണുർ ജില്ലയിൽ യാതയ്ക്ക് ലഭിച്ചത്. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ യാത്രയ്ക്ക് ലഭിച്ചത് വൻ ജനസ്വീകാര്യതയാണ്. ഇതോടെ യാത്രയെ ഏത് വിധേനയും അട്ടിമറിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവന.

കൊവിഡ് രോഗികളുടെ വർധനവിന്‍റെ ചുവട് പിടിച്ച് ഐശ്വര്യ കേരള യാത്രയിലെ ജനപങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് മന്ത്രി നടത്തുന്നത്. അതേസമയം മന്ത്രിമാർ നേതൃത്വം നൽകുന്ന അദാലത്തുകളിലെ ജനബാഹുല്യം സൗകര്യപൂർവ്വം രാഷ്ട്രീയ നേട്ടത്തിനായി വിസ്മരിക്കുന്നു. ഏതായാലും പിണറായി സർക്കാരിന്‍റെ അടിവേരൾക്കുന്ന യാതയെ ആശങ്കയോടെയാണ് സി.പി.എം നോക്കി കാണുന്നത്. ഏത് വിധേയനയും യാത്രയെ തകർക്കാനുള്ള നീക്കങ്ങളാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്.