ബി.ജെ.പി എം.എല്‍.എക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് പേര്‍ കൊല്ലപ്പെട്ടു; പെണ്‍‌കുട്ടി ഗുരുതരാവസ്ഥയിൽ

Jaihind Webdesk
Sunday, July 28, 2019

ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അമ്മയും പിതൃസഹോദരിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കിയ യുവതി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചാണ് അപകടമുണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. അമ്മയും പിതൃസഹോദരിയുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവതിയുടെ പിതാവ് നേരത്തെ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. നീതിക്ക് വേണ്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടിയും കുടുംബവും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്‍റെ സഹോദരന്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

റായ്ബറേലി  – ഫത്തേപുര്‍ റോഡിലാണ് അപകടമുണ്ടായത്. എതിരെ വന്ന ട്രക്ക് കാറില്‍ ഇടിച്ചുകയറുകയായിരുന്നു. അതേസമയം സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. 2017 ലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ പീഡനത്തിന് പരാതി നല്‍കിയത്. 2017 ജൂലൈ നാലിന് ഉത്തർപ്രദേശിലെ മാഖി ഗ്രാമത്തിലുള്ള എം.എൽ.എയുടെ വീട്ടില്‍ വെച്ച് കുൽദീപ് സെൻഗർ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ജൂൺ 11ന് മുതല്‍ 19 വരെ മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി വാഹനത്തിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ബി.ജെ.പി എം.എല്‍.എയെ സംരക്ഷിക്കാനുള്ള ശ്രമം വിവാദമായതിനെ തുടര്‍ന്ന് ദേശീയരാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേസ് സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ന്ന് എം.എല്‍.എയെ അറസ്റ്റ്  ചെയ്തു. എന്നാല്‍ കേസില്‍ ഇരയ്ക്കും കുടുംബത്തിനുമെതിരെ നിരന്തരമായ ആക്രമണങ്ങളാണുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് സ്റ്റേഷനില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഇത് നേരില്‍ കണ്ട  യൂനുസ് എന്നയാളും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സി.ബി.ഐ പോലും അറിയാതെ തിടുക്കപ്പെട്ട് സംസ്കാരം നടത്തിയത് വിവാദമായി. ഇപ്പോള്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തിന് സംഭവിച്ച അപകടം മുന്‍കാല സംഭവങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ദുരൂഹതയുണര്‍ത്തുന്നതാണ്.