സെന്‍ഗാര്‍ ഭീഷണിപ്പെടുത്തുന്നു… പരാതിയുമായി ചീഫ് ജസ്റ്റിസിന് ഉന്നാവോ പെണ്‍കുട്ടി കത്തയച്ചിരുന്നു

ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെന്ന് കുടുംബം. ഈ മാസം 12നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കത്ത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി ഉള്ളതായും കത്തില്‍ പറയുന്നു.

അപകടം നടന്നതിന്‍റെ 15 ദിവസം മുന്‍പ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്ക്കാണ് പെണ്‍കുട്ടി കത്തയച്ചത്. ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്. അതേസമയം കത്ത് ചീഫ് ജസ്റ്റിസ് പരിഗണിച്ചോ എന്ന കാര്യം വ്യക്തമല്ല.

ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് നടപടിയെടുത്തത്. പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാന്‍ സെങ്കാറിനെ ബിജെപി സസ്പെന്‍റ് ചെയ്തു.

Kuldeep SengarUnnavo Rape Case
Comments (0)
Add Comment