ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി; ഉന്നാവോ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റി; 45 ദിവസം സമയം; വാഹനപാകടത്തെക്കുറിച്ചുള്ള അന്വേഷണം ഏഴുദിവസത്തിനകം പൂര്‍ത്തിക്കണം

Jaihind Webdesk
Thursday, August 1, 2019

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിക്കു നേരെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്കു സുപ്രിം കോടതി നിര്‍ദേശം. ലക്നൗവില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് മാറ്റണം. പെണ്‍കുട്ടിക്കും കുടുംബത്തിന് സി.ആര്‍.പി.എഫ് സംരക്ഷണം നല്‍കണം. തനിക്കു ഭീഷണിയുണ്ടെന്നു കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. ഉന്നാവോ കേസിന്റെ ഗതിവിഗതിയില്‍ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രിം കോടതി ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വാദത്തിനിടെ ചോദിച്ചു. കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കും. ഉന്നാവോ സംഭവത്തിന്റെ അഞ്ച് കേസുകളും ഡല്‍ഹിയിലേക്ക് മാറ്റി. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് 20 ലക്ഷം രൂപയും അമ്മയ്ക്ക് അഞ്ച് ലക്ഷവും നഷ്ടപരിഹാരം നല്‍കണം. എല്ലാ ദിവസവും കോടതി കേസില്‍ വാദം കേള്‍ക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും 24 മണിക്കൂറും സിആര്‍പിഎഫ് സുരക്ഷ നല്‍കണം. അപകടത്തില്‍ പരുക്കേറ്റ അഭിഭാഷകനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രിം കോടതി ഉത്തരവില്‍ നിര്‍ദേശം നല്‍കി.

ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. നാലു കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടും വിചാരണ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കോടതി ചോദിച്ചു. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടം ഉത്കണ്ഠയുണ്ടാക്കുന്ന സംഭവമാണെന്ന് അമിക്കസ് ക്യൂരി വി ഗിരി പറഞ്ഞു. രാവിലെ മുതിര്‍ന്ന സിബിഐ ഓഫിസര്‍ നേരിട്ടു ഹാജരായി വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രിം കോടതിയുടെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സിബിഐ ജോയിന്റ് ഡയറക്ടര്‍ സമ്പത്ത് മീണ കോടതിയിലെത്തി. സുരക്ഷ ആവശ്യപ്പെട്ട് ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ച് ഇന്നത്തേക്കു ലിസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാമത്തെ കേസായി ആണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും രാവിലെ കോടതി ചേര്‍ന്നയുടന്‍ ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ചു.