മഹാനിഘണ്ടു മേധാവി നിയമനം : എ.ജി ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടും ഫയല്‍ നല്‍കാതെ കേരള സർവകലാശാല

Jaihind Webdesk
Monday, August 2, 2021

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ആർ.മോഹനന്‍റെ ഭാര്യ ഡോ. പൂർണിമ മോഹനെ മലയാള മഹാനിഘണ്ടു മേധാവിയായി  നിയമിച്ചതിന്‍റെ ഫയൽ അക്കൗണ്ടന്‍റ്  ജനറൽ ഓഡിറ്റ് വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിട്ടും കൈമാറാതെ കേരള സർവകലാശാല.

സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് സംസ്കൃത അധ്യാപികയെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചത്. എന്നാൽ നിയമനം സംബന്ധിച്ച സാമാജികരുടെ ചോദ്യത്തിന്,  നിയമനം ക്രമപ്രകാരമാണെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് എ.ജി ഓഡിറ്റ് വിഭാഗം, പെർഫോമൻസ് ഓഡിറ്റ് പരിശോധനയ്ക്കായി ഫയൽ ആവശ്യപ്പെട്ടത്.

നിഘണ്ടു മേധാവിയുടെ നിയമന ഉത്തരവിൽ ഒപ്പുവച്ച രജിസ്ട്രാർ, ഫയൽ അദ്ദേഹത്തിന്‍റെ കൈവശം സൂക്ഷി ച്ചിരിക്കുകയാണ്. അക്കൗണ്ടന്‍റ്  ജനറൽ ഓഡിറ്റ് വിഭാഗം ഫയൽ ആവശ്യപ്പെട്ടാൽ കൈമാറാൻ യൂണിവേഴ്സിറ്റി അധികൃതർ ബാധ്യസ്ഥരാണ്. നിയമനം  ക്രമവിരുദ്ധമാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ഓഡിറ്റ് പാർട്ടിക്ക് ഫയൽ കൈമാറാതിരിക്കുന്നത്. ഫയൽ പരിശോധനക്ക് നൽകിയില്ലെങ്കിൽ ഓഡിറ്റ് പാർട്ടി വിവരം അക്കൗണ്ടന്‍റ്  ജനറലിന് റിപ്പോർട്ട് ചെയ്യും.

അടിസ്ഥാന യോഗ്യതകളില്ലാത്ത പൂർണിമ മോഹനെ ലക്സിക്കൺ മേധാവിയായി നിയമിച്ചത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ട വിശദീകരണത്തിന് നിയമനം താൽക്കാലികമാണെന്ന മറുപടിയാണ് വിസി നൽകിയത്.