കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്‍റെ ഉത്തരപേപ്പറടക്കം വില്‍ക്കാന്‍ തിരക്കിട്ട നീക്കം

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ കുത്തുകേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തടക്കം പരീക്ഷയെഴുതിയ ഉത്തരക്കടലാസുകൾ തിരക്കിട്ട്‌ വിൽക്കാൻ നീക്കം നടക്കുന്നതായി സൂചന. നിലവിൽ ഇതിലുൾപ്പെട്ട പ്രതികൾ എഴുതിയ പി.എസ്.സിയുടെ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയടക്കം വിവാദത്തിലായ സാഹചര്യത്തിലാണ് സർവകലാശാല പരീക്ഷാ വിഭാഗം ഇത്തരത്തിൽ തിരക്കിട്ട നീക്കം നടത്തുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് 2016 ൽ എഴുതിയ ബി.എ ഫിലോസഫി പരീക്ഷകളുടേതുൾപ്പടെ കേരള യൂണിവേഴ്സിറ്റിയിൽ സൂക്ഷിച്ചിട്ടുള്ള ഉത്തരക്കടലാസുകൾ വിൽക്കാനാണ് സർവകലാശാലയുടെ പരീക്ഷാവിഭാഗത്തിൽ തിരക്കിട്ട നീക്കങ്ങൾ  നടക്കുന്നത്. PSC യുടെ സിവിൽ പോലീസ് ഓഫീസറുടെ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്ക് കിട്ടിയവരുടെ രജിസ്റ്റർ നമ്പർ എഴുതിയ ഉത്തരക്കടലാസുകളാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. തുടർന്ന് ഇവർ 2016 ൽ എഴുതിയ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ  ഫോറൻസിക് വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിരിക്കുന്നതിനിടെയാണ് സർവകലാശാലയിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ പേപ്പറുകളും വിൽക്കാൻ തിരക്കിട്ട് നീക്കം നടക്കുന്നത്.
ബി.എ ഫിലോസഫി പരീക്ഷയിൽ സാമാന്യം ഉയർന്ന മാർക്ക്‌ നേടിയാൽ മാത്രമേ എം.എയ്ക്ക് പ്രവേശനം സാധ്യമാവുകയുള്ളു
എന്നതാണ് വസ്തുത. എന്നാൽ ബി.എ ഉയർന്ന മാർക്ക് നേടിയ ശിവരഞ്ജിത് എം.എ പരീക്ഷയിൽ ഒരു സെമസ്റ്ററിനും പാസ്സാകാത്തതും  PSC പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചതുമാണ് സംശയങ്ങൾക്ക് വഴിയൊരുക്കുന്നത്. പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി രണ്ട് വർഷം കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ പുറത്ത് വിൽക്കാമെന്നും അതുവരെ സർവകലാശാല സൂക്ഷിക്കണമെന്നുമുള്ളതാണ് നിലവിലെ നിയമം. 2016 ലെ പേപ്പറുകൾ കഴിഞ്ഞ വർഷാവസാനം വിൽക്കാമായിരുന്നെങ്കിലും ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് വിൽപന വൈകുന്നതിന് കാരണമായത് .
എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് നടന്നിട്ടുള്ളതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടും സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകളുടെ വിൽപന തടയുന്നതിനുള്ള ഒരു നിർദേശവും സർവകലാശാല അധികൃതർ പരീക്ഷാ വിഭാഗത്തിന് നൽകാത്തത് ദുരൂഹമാണ്. ഉത്തരക്കടലാസുകൾ ലഭ്യമാകാതെ വന്നാൽ അന്വേഷണം വഴിമുട്ടുമെന്നിരിക്കെയാണ് സർവകലാശാല പരീക്ഷാ വിഭാഗം വിൽപനയ്ക്ക് തിരക്കിട്ട നീക്കം നടത്തുന്നത്. എന്നാൽ ഈ വർഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലദൗർലഭ്യമാണ് തിരക്കിട്ട്‌ പേപ്പറുകൾ വിൽക്കാൻ നിർബന്ധിതമായതെന്ന നിലപാടിലാണ് സര്‍വകലാശാല.
sfiUniversity College Trivandrumsivaranjith
Comments (0)
Add Comment