എതിർപ്പുകള്‍ക്കിടെ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം ; ആശങ്കയില്‍ വിദ്യാർത്ഥികള്‍

Jaihind Webdesk
Monday, June 28, 2021

തിരുവനന്തപുരം :  സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എതിര്‍പ്പുകള്‍ക്കിടയിലാണ് സര്‍വ്വകലാശാല പരീക്ഷകള്‍ നടത്താനൊരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടെ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. വാക്സിന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.