മോദി വിരുദ്ധ തരംഗമായി വംഗനാട്; ഐക്യഇന്ത്യറാലിയില്‍ 22 പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്നു

Jaihind News Bureau
Saturday, January 19, 2019

കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് ഇന്ന് പിറന്നത് പുതുചരിത്രം. തൃണമൂലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കൂട്ടായ്മ ബി.ജെ.പിക്കുള്ള താക്കീതായി. പ്രതിപക്ഷത്തുനിന്നുള്ള 22 പാര്‍ട്ടികളാണ് അണിനിരന്നത്. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ചെത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരിക്കേല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിനാകുമെന്നതിന്റെ തെളിവായി മഹാറാലി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പരാജയം ഉറപ്പാക്കാന്‍ വിശാല സഖ്യത്തിനു കഴിയുമെന്ന് അജിത് മേവാനി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ഉച്ചയ്ക്ക് 12ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലിയില്‍ പങ്കെടുക്കാനെത്തി. റാലിയില്‍ 40 ലക്ഷം പേര്‍ പങ്കെടുത്തു. രാവിലെ എട്ടു മണിയോടെ തന്നെ ഏഴു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുളള ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് പ്രവര്‍ത്തകരെ കൊണ്ടു നിറഞ്ഞിരുന്നു. നേതാക്കള്‍ പ്രസംഗിച്ചുതുടങ്ങിയപ്പോഴും പ്രവര്‍ത്തകരുടെ ഒഴുക്ക് അവസാനിച്ചിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നില്ലെങ്കിലും മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, അഭിഷേക് സിങ്വി എന്നിവരെ പ്രതിനിധികളായി നിയോഗിച്ചു പ്രതിപക്ഷ ഐക്യത്തിനുള്ള ഐക്യദാര്‍ഢ്യം കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. തൃണമൂലിനു പുറമേ 22 പ്രതിപക്ഷ കക്ഷികളാണ് ഐക്യ ഇന്ത്യ റാലി എന്ന പേരിട്ട പ്രകടനത്തില്‍ പങ്കെടുക്കുന്നത്‌.[yop_poll id=2]