യൂണിടാക്കിനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയും എ.സി മൊയ്തീനും അടങ്ങുന്ന ഉന്നതാധികാര സമിതി ; രേഖകള്‍ പുറത്തുവിട്ട് അനിൽ അക്കര എംഎൽഎ ; സർക്കാർ വാദം പൊളിയുന്നു

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ യൂണിടാക്കിനെ തെരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയും മന്ത്രി എ.സി മൊയ്തീനും അടങ്ങുന്ന ലൈഫ് മിഷൻ ഉന്നതാധികാര സമിതിയാണ് യൂണിടാക്കിനെ നിശ്ചയിച്ചത് എന്ന് തെളിയിക്കുന്ന രേഖ അനിൽ അക്കര എം എൽ എ പുറത്ത് വിട്ടു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ്, റെഡ് ക്രസന്‍റ് പണം മുടക്കി നിർമിച്ച് നൽകുന്നതാണെന്നായിരുന്നു സർക്കാർ അവകാശ വാദം. നിർമാണം നടത്തുന്ന യൂണിടാക്കിനെ തിരഞ്ഞെടുത്തതിൽ സർക്കാരിന് ഒരു പങ്കും ഇല്ലെന്നും മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും ആവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ 24.8.2019 ന് ലൈഫ് മിഷൻ സി.ഇ. ഒ യു.വി ജോസ് റെഡ് ക്രസന്‍റ് ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത് ഈ വാദങ്ങൾ എല്ലാം പൊളിക്കുന്നതാണ്. യൂണിടാക്കിന്‍റെ പ്ലാൻ ലൈഫ് മിഷൻ അംഗീകരിച്ചുവെന്ന് ഈ കത്തിൽ വ്യക്തമാക്കുന്നു.  മുഖ്യമന്ത്രി, മന്ത്രി എ.സി. മൊയ്തീൻ, എം.ശിവശങ്കർ, യു.വി.ജോസ് എന്നിവർ അടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തിരഞ്ഞെടുത്തത്. റെഡ് ക്രസന്റ് യൂണിടാക്കിന് അംഗീകാരം നൽകണം എന്നും കത്തിലുണ്ട്.

യൂണിടാക്കിനെ നിശ്ചയിച്ചുവെന്നും ഇതിന് അംഗീകാരം നൽകണം എന്നുമുള്ള ലൈഫ് മിഷൻ കത്തി നോട് റെഡ് ക്രസന്‍റ് പ്രതികരിച്ചിട്ടില്ലെന്നും അനിൽ അക്കര വ്യക്തമാക്കുന്നു. അനിൽ അക്കരയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയും മന്ത്രി എ.സി മൊയ്തീനും കൂടുതൽ പ്രതിരോധത്തിലാവുകയാണ്. ഒപ്പം യൂണി ടാക്ക് , രംഗത്ത് വന്നതിന് പിന്നിലെ ഉന്നതതല ഇടപെടലുകൾ കൂടുതൽ വ്യക്തമാവുകയും ചെയ്യുന്നു.

Comments (0)
Add Comment