ഡിപിആർ അപൂർണം; സില്‍വർലൈന്‍ പദ്ധതിക്ക് അംഗീകാരമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി : സിൽവർലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടി രൂപയിൽ കൂടുതൽ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. എന്നാല്‍ ഈ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടില്ല. കെ റെയിലിനായി തയാറാക്കിയ ഡിപിആർ അപൂർണമാണ്. പദ്ധതി നടപ്പാക്കുമ്പോഴുള്ള സാങ്കേതിക – സാമ്പത്തിക – പ്രായോഗിക വശങ്ങളെ കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുടെ അലൈന്മെന്‍റ്, വേണ്ടി വരുന്ന റെയിൽവേ സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ലൈനിൽ വരുന്ന ക്രോസിംഗുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്‍റ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ 1,000 കോടി രൂപയ്ക്ക മുകളിലുള്ള എല്ലാ പദ്ധതികൾക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. 33,700 കോടി രൂപ വായ്പാ ബാധ്യത എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും അടൂർ പ്രകാശ് എംപിക്ക് നല്‍കിയ മറുപടിയിൽ കേന്ദ്ര മന്ത്രി വ്യക്‌തമാക്കി.

Comments (0)
Add Comment