‘എല്ലാം ക്ഷേമത്തിന് വേണ്ടി’ ; ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് കത്തിക്കയറുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നടപടി ഒന്നും തന്നെയുണ്ടാകില്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിലവര്‍ധന ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്നത് അംഗീകരിച്ച മന്ത്രി ജനക്ഷേമത്തിന് വേണ്ടിയാണ് ഇതെല്ലാമെന്നും ന്യായീകരിച്ചു.

മഹാമാരിക്കെതിരേ പോരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്നത് അംഗീകരിക്കുന്നു. കൊവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മറ്റ് ക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാവുകയാണ് ദിവസേനയുള്ള ഇന്ധനവിലയിലെ വര്‍ധനവ്. കൊള്ള നികുതിയാണ് പെട്രോളിനും ഡീസലിനും നികുതിയിനത്തില്‍ ഈടാക്കുന്നത്. രാജ്യത്ത് മിക്കയിടങ്ങളിലും പെട്രോള്‍ വില ലിറ്ററിന് നൂറിന് അടുത്താണ്. ചില സ്ഥലങ്ങളില്‍ ഇതിനോടകം തന്നെ അത് 100 കടന്നിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ചുനിര്‍ത്തിയ ഇന്ധനവില ഫലം വന്നതിന് പിന്നാലെ ദിവസംതോറും കൂട്ടുകയായിരുന്നു.കേരളത്തിലും പെട്രോള്‍ വില 100 രൂപയ്ക്ക് തൊട്ടടുത്തെത്തി നില്‍ക്കുകയാണ്.

Comments (0)
Add Comment