പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിക്ക് കൊവിഡ്

Jaihind News Bureau
Sunday, August 9, 2020

ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാളിനാണ് രോഗം സ്ഥിരീകരിച്ചത്.കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. ആദ്യ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവ് എന്ന് വ്യക്തമായി. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നും  ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ശ്രദ്ധിക്കണമെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വിറ്ററില്‍ കുറിച്ചു.

‘ഭാഭിജി പപ്പടം’ കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ അവകാശവാദം വിവാദമായിരുന്നു. ശരീരത്തിന് ആവശ്യമായ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഭാഭിജ് പപ്പടത്തിലെ  ഘടകങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞിരുന്നത്.

teevandi enkile ennodu para