വിമാനത്താവള സ്വകാര്യവത്ക്കരണം: സംസ്ഥാനത്തിന്‍റെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രം; അദാനി ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കാതെ മറുപടി

Jaihind Webdesk
Friday, June 28, 2019

Hardeep-Singh-Puri

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന് എതിരെ കേരള സർക്കാർ ഉന്നയിച്ച ആശങ്കയും എതിർപ്പും പരിഗണിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല ഇതുവരെ ആർക്കും കൈമാറിയില്ലന്ന് ലോക്സഭയിൽ എം.പിമാരായ കെ മുരളീധരൻ, ടി.എൻ പ്രതാപൻ എന്നിവരുടെ ചോദ്യങ്ങൾക്ക് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ് പുരി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് ലഭിച്ച വിവരം മറുപടിയിൽ ഇല്ല.

വിമാനത്താവളത്തിന്‍റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോഴുള്ള ആശങ്കകൾ കണക്കിലെടുത്ത് സുരക്ഷ, കസ്റ്റംസ്, എമിഗ്രേഷൻ, മൃഗ സസ്യപാലനം, ഭൂമിശാസ്ത്രപരമായ വിഷയങ്ങള്‍ തുടങ്ങിയ മേഖലകളുടെ ചുമതല സർക്കാർ ഏജൻസികൾക്ക് തന്നെയായിരിക്കും. കമ്യൂണിക്കേഷൻ, നാവിഗേഷൻ സർവീസ്, എയർ ട്രാഫിക് കൺട്രോൾ തുടങ്ങിയവ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ തന്നെ നിർവഹിക്കുമെന്നും മറുപടിയിൽ പറയുന്നു.

വിമാനത്താവളം സ്വകാര്യവത്കരിക്കാതിരിക്കാൻ കേരള സർക്കാർ നീക്കം നടത്തിയിട്ടുണ്ട്. ‘വ്യോമയാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള കമ്പനിക്കാണോ വിമാനത്താവള നടത്തിപ്പ് വിട്ടുനൽകിയത് എന്ന ചോദ്യത്തിന് ഇതു വരെ ഒരു കമ്പനിക്കും വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. എങ്കിലും യാത്രക്കാരുടെ ഫീസ് അടിസ്ഥാനത്തിൽ ഉയർന്ന തുക നൽകുന്നവർക്ക് ബിഡ് നടത്തിപ്പ് കൈമാറുന്നതാണ് എയർ പോർട്ട് അതോറിട്ടിയുടെ രീതി എന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിന്‍റെ നടത്തിപ്പും വികസനവും പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലായിരിക്കും നടപ്പിലാക്കുക. വ്യോമയാന മേഖലയിലെ പരിചയസമ്പത്തും സാമ്പത്തിക ഭദ്രതയും കമ്പനികളെ തെരഞ്ഞടുക്കുന്നതിൽ പ്രധാന മാനദണ്ഡങ്ങളായിരിക്കും. കേരള സർക്കാരും പ്രത്യേക കമ്പനി വഴി ലേലത്തിൽ പങ്കെടുത്തെന്നും ബന്ധപ്പെട്ട സംസഥാന സർക്കാരുകളുടെ താൽപര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നും അംഗങ്ങൾക്ക് മന്ത്രി മറുപടി നൽകി.