തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ പ്രഹസന ചർച്ചയ്ക്ക് എത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കോൺഗ്രസ് പ്രവർത്തകരും മത്സ്യത്തൊഴിലാളികളും തടഞ്ഞു. മുതലപ്പൊഴിയിലെ ശാശ്വത പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ഒരു നിർദ്ദേശമോ സഹായമോ ഉറപ്പ് നൽകാതെ രാഷ്ട്രീയ നാടകം ലക്ഷ്യമാക്കി കേന്ദ്രമന്ത്രി പ്രഹസന ചർച്ചയാണ് നടത്തിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
രാവിലെ മുതലപ്പൊഴിയിലെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കിക്കൊണ്ട് മറ്റു ചില സംഘടനാ പ്രവർത്തകരുമായിട്ടായിരുന്നു ചർച്ച ആരംഭിച്ചത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ കോൺഗ്രസ് പ്രതിനിധികളെയും മത്സ്യത്തൊഴിലാളികളെയും ചർച്ചയിൽ ഉൾപ്പെടുത്തി. മുതലപ്പൊഴിയിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് അടിയന്തരമായി നടപ്പിലാക്കേണ്ട ചില നിർദ്ദേശങ്ങൾ കോൺഗ്രസ് പ്രതിനിധികളും മത്സ്യത്തൊഴിലാളികളും ചർച്ചയിൽ മുന്നോട്ടുവെച്ചു. എന്നാൽ പ്രശ്നപരിഹാരത്തിന് പര്യാപ്തമായ ഒരു തീരുമാനമോ ഉറപ്പോ നടപടികളോ ഉണ്ടാകാതെ മന്ത്രിയുടെ പ്രഹസന ചർച്ച അവസാനിക്കുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകരും മത്സ്യ
തൊഴിലാളികളും മന്ത്രിയെ തടഞ്ഞു പ്രതിഷേധം ആരംഭിച്ചത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
ഇതിനിടയിൽ മന്ത്രിയെ മറ്റൊരു വഴിയിലൂടെ പോലീസ് കടത്തിവിട്ടു. കോൺഗ്രസ് പ്രവർത്തകയായ ഓമനയ്ക്ക് പോലീസ് നടപടിയിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിക്കുവാൻ പോലീസ് തയ്യാറാകാതിരുന്നതോടെ പ്രതിഷേധം കടുപ്പിച്ച പ്രവർത്തകരും മത്സ്യ തൊഴിലാളികളും റോഡ് ഉപരോധിച്ചു. മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മൂന്നുദിവസമായി മേഖലയിൽ ഉപവാസ സമരം നടത്തി വരികയായിരുന്നു. ഉപവാസ സമരം നടത്തി വന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ അറസ്റ്റ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി.