കാവിവൽക്കരണം ലക്ഷ്യം വെച്ച് പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Jaihind News Bureau
Wednesday, July 29, 2020

കാവിവൽക്കരണം ലക്ഷ്യം വെച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസനയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. നാല് ഘട്ടങ്ങളായി 12 ഗ്രേഡുകൾ പുറത്തിയാക്കുന്ന 18 വർഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതിയതായി നിലവിൽ വരുന്നത്. പുതിയ വിദ്യാഭ്യാസ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന വിമർശനമാണ് ഉയരുന്നത്.

കൊവിഡിന്‍റെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വേണ്ടത്ര കുടി ആലോചനകൾ പോലും ഇല്ലാതെയാണ് പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണമാണ് പുതിയ തീരുമാനത്തിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. മതേതരത്വം പൂർണമായും ഒഴിവാക്കി ബിജെപി അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ലക്ഷ്യം വെക്കുന്നത് കൂടിയാണ് പുതിയ വിദ്യാഭ്യാസ നയം. അതോടൊപ്പം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ശ്രമം തുടരുന്നു എന്നും വിമർശനം ഉയരുന്നുണ്ട്.

പാർലമെന്‍റ് സമ്മേളനങ്ങൾ പോലും ചേരാൻ കഴിയാത്ത ഈ ഘട്ടത്തിൽ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ട സർക്കാർ നിലപാടിൽ സംശയങ്ങൾ ഉയരുന്നു. പുതിയ വിദ്യാഭ്യാസ നയം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. വിദേശ സർവകലാശാലകളുടെ കടന്നുകയറ്റത്തിന് പുതിയ നയം അവസരമൊരുക്കും. വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം എന്ന് പറയുമ്പോഴും തീരുമാനത്തിലെ പ്രായോഗികത ഉൾപ്പെടെ ചോദ്യ ചിഹ്നമാണ്. പുതിയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധം ആരംഭിക്കും എന്ന് വിദ്യാഭ്യാസ സംഘാടകൾ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം ഒന്നാം മോദി സർക്കാരിന്‍റെ പ്രധാന അജണ്ടയിൽ ഒന്നായിരുന്നു.