രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റും തനിയാവർത്തനമായിരിക്കുകയാണ്. ആദ്യത്തേതിൽ നിന്ന് വിഭിന്നമായി എന്തെങ്കിലുമുണ്ടോ എന്നത് തേടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കവും ഏറെ വിമർശനങ്ങൾക്ക് വഴിവെക്കുന്നു.
പദ്ധതികളുടെ അയ്യരുകളിയായിരുന്നു നിർമല സീതാരാമന്റെ രണ്ടാം ബജറ്റിലും കാണാൻ സാധിച്ചത്. പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തി കയ്യടി നേടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ മോദി സർക്കാരിനുള്ളൂ. എന്തായാലും സാധാരണക്കാരന് ഈ ബജറ്റ് കൊണ്ടും എന്തെങ്കിലും നേട്ടമുള്ളതായി തോന്നുന്നില്ല. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ ഒന്നും തന്നെയില്ല എന്നതാണ് എവിടെയും ഉയരുന്ന വിമർശനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചതുപോലെ ദിശാബോധമില്ലാത്ത ബജറ്റായിരുന്നു ഇന്നത്തേത്. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒന്നും തന്നെ ബജറ്റിലില്ല.
ജി.എസ്.ടി നടപ്പാക്കിയത് ചരിത്രപരമായ പരിഷ്കരണമാണ്. ജി.എസ്.ടി നിരക്ക് കുറച്ചതുവഴി ഓരോ കുടുംബത്തിന്റെയും ചെലവ് 4 ശതമാനം കുറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചുവെന്നാണ് വാദം. കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഈ ബജറ്റിലും ആവർത്തിച്ച ധനമന്ത്രി, കർഷക ക്ഷേമം ഉറപ്പാക്കുന്നതിനായി 16 കർമപരിപാടികളും പ്രഖ്യാപിച്ചു. കാർഷിക വിപണി ഉദാരമാക്കാനും കാർഷിക ഉൽപന്നങ്ങളുടെ ഗതാഗതം സുഗമമാക്കാനായി കിസാൻ റെയിൽ പദ്ധതിയും ബജറ്റ് നിർദേശിക്കുന്നു. ഇതിനൊപ്പം രാജ്യത്ത് കാർഷിക ഉൽപന്ന സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ കർമപരിപാടിയെ സംബന്ധിച്ച് ധനമന്ത്രി വ്യക്തമാക്കിയില്ല.
2020 – 21 സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ലക്ഷ്യം ജി.ഡി.പിയുടെ 3.8 ശതമാനമാണ്. കേന്ദ്ര സർക്കാരിന്റെ വനിതാക്ഷേമ പദ്ധതിയായ ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മികച്ച വിജയമായിരുന്ന എന്ന ബജറ്റ് വാക്യം സഭയിൽ വലിയ ബഹളത്തിന് കാരണമായി. സ്കൂൾ പ്രവേശനത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്നു. വനിതാക്ഷേമ പദ്ധതികൾക്ക് 28,600 കോടി രൂപ അനുവദിക്കുന്നതായും നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു. എന്തൊക്കെയായും പദ്ധതികൾ എല്ലാം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നു മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. രണ്ടാം ബജറ്റും വെറുതെ കൈയടി നേടാനുളള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങാതിരുന്നാൽ മതി.