സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാത്ത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നാണ് ധനകാര്യ മേഖലയുടെ വിലയിരുത്തൽ. പ്രഖ്യാപിച്ച പദ്ധതികളിൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതികൾ ഇല്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങൾ പോലും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളും.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം നടത്തിയെന്ന റെക്കോർഡ് നിർമലാ സീതാരാമൻ നേടിയെങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല. ബജറ്റ് അവതരണം പൂർത്തിയാക്കാൻ കിതച്ച നിർമലാ സീതാരാമനെയാണ് രാജ്യത്തെ ജനങ്ങൾ കണ്ടത്. എന്നാൽ നിർമലയുടെ രണ്ടാമത്തെ ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള സൂത്രവാക്യങ്ങളൊന്നും സാമ്പത്തിക വിദഗ്ദർക്കും കാണാൻ കഴിഞ്ഞില്ല.
മൊത്തത്തിൽ കോർപറേറ്റ് മേഖലയെ പ്രതീപ്പെടുത്താനും, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നതിനുമാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന എൽ.ഐ.സിയെ വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതിലൂടെ രാജ്യത്തിന്‍റെ വിദ്യാഭ്യാസ മൂല്യങ്ങളും ചരിത്രവും മാറ്റിയെഴുതുന്നതിനും ഇത് വഴിവെക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ നിരീക്ഷണം. പി.പി.പി അടിസ്ഥാനത്തിൽ 150 ട്രെയിനുകൾ പ്രഖ്യാപിച്ചതും സ്വകാര്യ മേഖയോടുള്ള മോദി സർക്കാരിന്‍റെ മമത തുടരുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കോർപറേറ്റ് നികുതികൾ കുറച്ച് പതിവുപോലെ കോർപറേറ്റുകളെ തലോടുന്ന സമീപനം നിർമല തന്‍റെ രണ്ടാം ബജറ്റിലും നിർലോഭം പിന്തുടരുകയാണ്.