കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ മോദി സ്തുതികളും രാഷ്ട്രീയവുമാണ് നിറഞ്ഞുനിന്നത്. അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് മോദിയുടേതെന്ന് പിയൂഷ് ഗോയല്‍ വിശേഷിക്കുമ്പോള്‍ റഫാല്‍ അഴിമതിയില്‍ പ്രതിസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നത് ഇന്ത്യന്‍ ജനത മറക്കില്ല.
7 വര്‍ഷം കൊണ്ട് ധനക്കമ്മി കുറച്ചു എന്ന് അവകാശപ്പെടുമ്പോള്‍ അത് മോദിയുടെ ഭരണനേട്ടമായി കാണാന്‍ കഴിയില്ല. കാരണം ധനക്കമ്മി കുറയ്ക്കുന്നതിന് മോദിക്ക് മുമ്പ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ദീര്ഘവീക്ഷണത്തോടെയുള്ളസമീപനമായിരുന്നു എന്ന് സാമ്പത്തികവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 2022 ഓടെ എല്ലാവര്ക്കും വീടും വെള്ളവും കക്കൂസും നല്‍കുമെന്ന് പിയൂഷ് ഗോയല്‍ പറയുന്നുണ്ടെങ്കിലും അത് നടക്കാത്ത സുന്ദരമായ സ്വപ്നം മാത്രമായി അവശേഷിക്കും. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു മുന്‍കൂട്ട് ഏറായേ കാണാനാവൂ.
കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പിയൂഷ് ഗോയല്‍ പറയുന്നുണ്ടെങ്കിലും അതെങ്ങനെ എന്ന് വ്യക്തമാക്കുന്നില്ല. മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടതും ദുരിതമനുഭവിച്ചതും കര്‍ഷകരായിരുന്നു എന്നത് ചരിത്രം ഒരിക്കലും മറക്കാത്ത കാര്യമാണ്. വിലക്കയറ്റം തടഞ്ഞു എന്നും ബജറ്റ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മോദി ഭരണത്തിലായിരുന്നു ഏറ്റവും വിലക്കയറ്റം ഇന്ത്യയില്‍ അനുഭപ്പെട്ടത് എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്.
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചു എന്നതാണ് മറ്റൊരു അവകാശവാദം. പശു സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച ബജറ്റില്‍ മനുഷ്യസംരക്ഷണത്തിനുതകുന്ന ഒരു പദ്ധതി പോലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മൊത്തത്തില്‍ പിയൂഷ് ഗോയലിന്റെ ഇടക്കാല ബജറ്റ് രാഷ്ട്രീയം കുത്തിനിറച്ചുള്ള അവകാശവാദങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് ഗുണകരമായ ഒരു നിര്‍ദേശങ്ങളും പദ്ധതികളും ബജറ്റിലില്ല എന്നതാണ് വസ്തുത.