ഏകീകൃത സിവിൽ കോഡ്; ബിജെപിയുടെ വരികൾക്ക് സിപിഎം സംഗീതം നൽകുന്നു: ഷിബു ബേബി ജോൺ

Jaihind Webdesk
Saturday, July 15, 2023

 

ഏകീകൃത സിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത് വർഗീയ ധ്രുവീകരണമാണെന്നും കേരളത്തിലെ സിപിഎം ഇതിനെ വീണുകിട്ടിയ അവസരമായാണ് കാണുന്നതെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് യുഡിഎഫിൽ നിന്നും മുസ്‌ലിം ലീഗിനെ മാത്രം ക്ഷണിച്ചത് ബിജെപി ആഗ്രഹിക്കുന്ന വർഗീയ ധ്രുവീകരണത്തിന് കുടപിടിക്കുന്നതിന് തുല്യമാണ്. കേവലം വോട്ട് മാത്രം ലക്ഷ്യം വെച്ച് സിപിഐഎം നടപ്പാക്കുന്ന ഈ കുതന്ത്രം ബിജെപിയുടെ വരികൾക്ക് സിപിഐഎം സംഗീതം പകരുന്നത് പോലെ തന്നെയാണെന്നും ഷിബു ബേബി ജോണ്‍ വിമർശിച്ചു.

ഷിബു ബേബി ജോണ്‍ പറഞ്ഞത്:

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു – മുസ്‌ലിം ധ്രുവീകരണം മാത്രം ലക്ഷ്യം വെച്ച് ബിജെപി നടപ്പിലാക്കുന്ന നിയമമാണ് ഏക സിവിൽ കോഡ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോത്രവർഗ്ഗക്കാരെയും ക്രിസ്ത്യൻ വിഭാഗങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കുന്നു എന്നത്. അപ്പോൾ പിന്നെ അവശേഷിക്കുന്നത് ഹിന്ദു – മുസ്ലിം വിഭാഗങ്ങൾ ആണെങ്കിലും ലക്ഷ്യം വയ്ക്കുന്നത് മുസ്ലിം മത വിഭാഗത്തിനെ തന്നെയാണ് എന്ന് വരുത്തി തീർക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അങ്ങനെ ഒരു വർഗ്ഗീയ ധ്രുവീകരണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യവും. എന്നാൽ കേരളത്തിലെ സിപിഐഎം കാണുന്നത് ഇതൊരു വീണു കിട്ടിയ അവസരമായാണ്. തങ്ങളുടെ ഭരണ വൈകല്യത്തിനെ മറച്ചുവെച്ച് ന്യൂനപക്ഷ സംരക്ഷകർ എന്ന നിലയിൽ ഇറങ്ങാൻ കിട്ടുന്ന അവസരമായാണ് സിപിഐഎം ഇതിനെ കാണുന്നത്. ഈ വിഷയത്തിൽ വളരെ ഉത്തരവാദിത്തപ്പെട്ട നിലപാടാണ് കേരളത്തിലെ മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. കേവലം ഇത് മുസ്ലിം സമുദായത്തിനെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല ഇവർ കാണുന്നത് . മറിച്ച് എല്ലാ സമുദായത്തിനെയും ബാധിക്കുന്ന വിഷയമായാണ് അവർ ഇതിനെ കാണുന്നത്. എന്നാൽ ബിജെപി ആഗ്രഹിക്കുന്നത് മുസ്ലിം സമുദായം ഇതിനെതിരെ തെരുവിലിറങ്ങുമ്പോൾ ഭൂരിപക്ഷ സമുദായം ധ്രുവീകരിച്ച് തങ്ങൾക്ക് അനുകൂലമാകും എന്നതാണ്.
ബിജെപിയുടെ ഈ ആഗ്രഹം പൂർത്തീകരിക്കുന്ന നിലയിലാണ് കേരളത്തിലെ സിപിഐഎം കോൺഗ്രസ് അടക്കമുള്ള മറ്റു സംഘടനകളെ മാറ്റി നിർത്തിക്കൊണ്ട് സെമിനാറുകൾ അടക്കമുള്ള പരിപാടികളുമായി മുന്നോട്ടു പോകുന്നത്. കോൺഗ്രസിനെ മാറ്റി നിർത്താൻ അവർ പറയുന്ന കാരണം കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു എന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ബംഗാളിൽ അടക്കം കോൺഗ്രസുമായി ചേർന്നല്ലേ സിപിഐഎം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്നൊന്നും കോൺഗ്രസിന്റെ ഈ നിലപാടിൽ ഇവർക്ക് വിയോജിപ്പില്ലായിരുന്നു. ഡൽഹിയിൽ ഈ വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കാൻ സിപിഐഎം തയ്യാറാകാത്തത് അവിടെ കോൺഗ്രസിനെ അടക്കം ഇതിൽ ക്ഷണിക്കേണ്ടി വരും എന്നതുകൊണ്ടു മാത്രമാണ് .ഇതിൽനിന്നും ഇവരുടെ ഈ വിഷയത്തിലെ ആത്മാർത്ഥത എന്താണെന്ന് നമുക്ക് മനസ്സിലാകും. ആർഎസ്പിയും ഫോർവേഡ് ബ്ലോക്ക് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ കേരളത്തിൽ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും സിപിഐഎം മുന്നണിക്കൊപ്പം ആണ്. അപ്പോൾ അവരെയെല്ലാം ഒഴിവാക്കി യുഡിഎഫിൽ നിന്നും മുസ്ലിം ലീഗിനെ മാത്രം ക്ഷണിച്ചത് ബിജെപി ആഗ്രഹിക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിന് കുടപിടിക്കുന്നതിന് തുല്യമാണ്. കേവലം വോട്ട് മാത്രം ലക്ഷ്യം വെച്ച് സിപിഐഎം നടപ്പാക്കുന്ന ഈ കുതന്ത്രം ബിജെപിയുടെ വരികൾക്ക് സിപിഐഎം സംഗീതം പകരുന്നത് പോലെ തന്നെയാണ്.