യൂണിവേഴ്‌സിറ്റി കോളേജില്‍ ഇനിമുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍

Jaihind Webdesk
Tuesday, July 16, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തും. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാനും തീരുമാനമായി. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറക്കുമെന്നും കെ.കെ.സുമ അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ ഓഫിസില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിലും നടപടി തുടങ്ങി. സംഭവത്തില്‍ പ്രിന്‍സിപ്പളിനോട് റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ. ഉത്തരകടലാസ് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചെന്നും കെ.കെ.സുമ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ മുദ്രയും പൊലീസ് പിടിച്ചെടുത്തത്തിനെക്കുറിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയോട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അടിയന്തര വിശദീകരണം തേടി.

വൈസ് ചാന്‍സലറുടെ മറുപടിക്ക് ശേഷമായിരിക്കും ഗവര്‍ണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ഗവര്‍ണറുടെ ഇടപെടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യപ്പെട്ടിരുന്നു.