യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം: പെണ്‍കുട്ടിയുടെ മൊഴി സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ രേഖപ്പെടുത്തി

Jaihind News Bureau
Saturday, June 15, 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ രേഖപ്പെടുത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ.്‌ക്കെതിരെ ഉയരുന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പി കെ ഷംഷുദ്ദീന്‍ ചെയര്‍മാനായ കമ്മീഷന്‍ അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ നിരവധി പരാതികളാണ് എസ്.എഫ്.ഐ ക്കതിരെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതികളില്‍ അന്വേഷണം നടത്താന്‍ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.കെ. ഷംഷുദ്ദീന്‍ ചെയര്‍മാനായ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുകയാണ്. കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും പഠിക്കാനുള്ള അവസരം ഒരുക്കണം. എസ് എഫ് ഐ യുടെ പ്രവര്‍ത്തന രീതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.
തെളിവെടുപ്പ് നടന്ന ഗാന്ധി സ്മാരക ഭവനിലെത്തിയ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു.
എസ് എഫ് ഐ ഫാസിസ്റ്റുകളെ വളര്‍ത്തുന്ന പ്രസ്ഥാനമാണെന്നും വിദ്യാഭ്യാസ പ്രവര്‍ത്തനമല്ല ഗുണ്ടാപ്രവര്‍ത്തനമാണ് ക്യാമ്പസുകളില്‍ എസ് എഫ് ഐ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമഗ്ര റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാരിനും, ഹൈക്കോടതിക്കും സമര്‍പ്പിക്കും.യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി വര്‍ക്കല എസ്എന്‍ കോളേജിലേക്ക് മാറിയിരുന്നു.