കര്‍ഷകരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ഇ.ഡിയേയും സിബിഐയേയും ഉപയോഗിക്കുന്നു ; റെയ്ഡില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, March 4, 2021

 

ന്യൂഡല്‍ഹി :  ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ രാഹുല്‍ ഗാന്ധി. കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കേന്ദ്രം ഇ.ഡിയേയും സിബിഐയേയും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ ഇന്നും തുടരുകയാണ്. നിർമാതാവ് മധു മന്ദേന, വികാസ്​ ബാൽ എന്നിവരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ്​ പരിശോധന നടത്തുന്നുണ്ട്​.  ഇവരെയെല്ലാം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

സംഘപരിവാറിനെയും മോദിയെയും സ്‌ഥിരമായി വിമർശിക്കുന്ന ഇവരുടെ വീടുകളിലെ റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് ഉയരുന്നത്. ബുധനാഴ്ച ആറുമണി​ക്കൂറോളമാണ്​ അനുരാഗിന്‍റെയും തപ്​സിയുടെയും മുംബൈയിലെയും,പൂനൈയിലെയും വീടുകളിൽ പരിശോധന നടത്തിയത്​.