അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും പ്രതി

Jaihind Webdesk
Friday, February 1, 2019

Ravi Pujari

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി സൂചന. ആഫ്രിക്കയിലെ സെനഗലിൽ വച്ചാണ് പൂജാരി അറസ്റ്റിലായതെന്നാണ് വിവരം. സ്ഥിരീകരണത്തിനായി സെനഗൽ അധികൃതരുമായി ബന്ധപ്പെടുകയാണെന്ന് ബംഗളുരു പൊലീസ് അറിയിച്ചു.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രവി പൂജാരിക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളാണുള്ളത്. ബംഗളൂരു പോലീസ് ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പൂജാരി അറസ്റ്റിലായ വിവരം ഔദ്യോഗികമായി ഇതുവരെയും ബംഗളുരു പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്‍റെ ബ്യൂട്ടിപാർലറിന് നേരെ  വെടിയുതിർക്കുകയും നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഇയാൾക്കെതിരെ കേസുണ്ട്. നിരവധി സിനിമാതാരങ്ങളെയും പൂജാരി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.

ഗുജാറത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റ്. തട്ടിക്കൊണ്ടുപോകും ഭീഷണിപ്പെടുത്തലും തുടങ്ങി എഴുപതോളം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. 15 വർഷത്തോളമായി ഒളിവിലാണ് രവി പൂജാരി. അറസ്റ്റ് വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതർ നീക്കം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അറസ്റ്റ് വിവരം ഇതുവരെയും ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.