ഇറാഖ് മന്ത്രിസഭയുടെ രാജി അംഗീകരിച്ച് പാർലമെന്‍റ്

Jaihind News Bureau
Monday, December 2, 2019

ഇറാഖ് മന്ത്രിസഭയുടെ രാജി അംഗീകരിച്ച് ഇറാഖ് പാർലമെന്‍റ് . സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി അഡൽ അബ്ദൽ മഹ്ദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്ച രാജിവച്ചത്. അതേസമയം ഒരു മാസംവരെ മഹ്ദിക്കു കാവൽ പ്രധാനമന്ത്രിയായി തുടരാമെന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇറാഖ് ആഭ്യന്തരയുദ്ധത്തി ലേക്കു നീങ്ങുന്നത് ഒഴിവാക്കാൻ മഹ്ദിക്കുള്ള പിന്തുണ പിൻവലിക്കണമെന്നു പ്രമുഖ ഷിയാ നേതാവ് അലി സിസ്റ്റാനി എംപിമാരോടു നിർദേശിച്ചതിനു പിന്നാലെയാണ് മഹ്ദി രാജിക്കു തയാറായത്.  ഒക്ടോബർ ഒന്നിന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതിനകം 400 പേർ കൊല്ലപ്പെട്ടു.

രാജി പ്രഖ്യാപനം വന്നതിനെത്തുടർന്ന് ബാഗ്ദാദിലും മറ്റും ജനങ്ങൾ ആഹ്‌ളാദ പ്രകടനം നടത്തി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇറാഖി ജനത ഒക്ടോബർ ഒന്നിനാണു പരസ്യമായി സമര രംഗത്തിറങ്ങിയത്. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണു പ്രതിസന്ധി രൂക്ഷമായതെന്ന് തൊഴിലില്ലായ്മ വർധിച്ചതെന്നും സമരക്കാർ ആരോപിച്ചു.

ഇറാഖ് ഭരണത്തിൽ ഇറാൻ അമിത സ്വാധീനം ചെലുത്തുന്നുവെന്നാണ് സമരാനുകൂലികളുടെ ആരോപണം.
പുതിയ സർക്കാർ രൂപീകരിക്കാൻ അവസരം നൽകുന്നതിനുവേണ്ടി അധികാരം ഒഴിയുകയാണെന്നും പാർലമെന്‍റിനു രാജിക്കത്തു സമർപ്പിക്കുമെന്നും എഴുതിത്തയാറാക്കി നൽകിയ പ്രസ്താവനയിൽ മഹ്ദി അറിയിച്ചു.  പുതിയ പ്രധാനമന്ത്രിയെ നിയമിക്കാൻ പ്രസിഡൻറ് ബർഹാം സലേയോട് ആവശ്യപ്പെടുമെന്നു പാർലമെൻററി സ്പീക്കർ വ്യക്തമാക്കി.