കണ്ണൂർ ഇരിണാവിലെ നിർദ്ദിഷ്ട കോസ്റ്റ് ഗാർഡ് അക്കാദമി കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നു; ഏറ്റെടുത്ത ഭൂമി സംസ്ഥാന സർക്കാരിന് തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത

Jaihind News Bureau
Wednesday, December 4, 2019

കണ്ണൂർ ഇരിണാവിലെ നിർദ്ദിഷ്ട കോസ്റ്റ് ഗാർഡ് അക്കാദമി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനായി ഏറ്റെടുത്ത ഭൂമി സംസ്ഥാന സർക്കാരിന് തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. 19.85 കോടി രൂപക്ക് തൊണ്ണൂറ് വർഷത്തേക്കാണ് പാട്ടവ്യവസ്ഥയിൽ കിൻഫ്ര ഈ ഭൂമി കോസ്റ്റ് ഗാർഡിന് കൈമാറിയത്. അൻപത് കോടി രൂപയിലധികം മുടക്കി പ്രദേശത്ത് നടത്തിയ നിർമ്മാണ പ്രവർത്തികളും വൃഥാവിലായി

1999ൽ കെ.പി. പി. നമ്പ്യാരുടെ നേതൃത്വത്തിലുള്ള കണ്ണൂർ പവർ പ്രോജക്ട് സ്ഥാപിക്കാനാണ് ഇരിണാവ്, പാപ്പിനിശ്ശേരി വില്ലേജുകളിലെ 165 ഏക്കറോളം ഭൂമി ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുമ്പോൾ പ്രദേശത്ത് നിരവധി ചെമ്മീൻ കൃഷി നിലവിലുണ്ടായിരുന്നു. പ്രദേശത്തെ കർഷകർ ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തി കെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം എതിർപ്പുകൾ അവഗണിച്ചായിരുന്നു ഭൂമി ഏറ്റെടുത്തത്.
കർഷകർ ഉയർത്തിയ ശക്തമായ എതിർപ്പ് അവഗണിച്ചാണ് അന്ന് സർക്കാർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയത്. എന്നാൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പവർ പ്രൊജക്ട് പദ്ധതി ഉപേക്ഷിക്കപ്പെട്ടു.അതോടെ ഭൂമിയുടെ ഉടമസ്ഥത കിൻഫ്രയുടെ കൈവശമായി.പിന്നീട് 2010 ൽ നോയിഡ ആസ്ഥാനമായുളള ജയ്പ്രകാശ് പവർ വെൻച്വർ ലിമിറ്റഡ് എന്ന കമ്പനിക്ക് കൽക്കരി അധിഷ്ഠിതമായ താപ വൈദ്യുത പദ്ധതിയും സിമൻറെ് പ്ലാൻറെും നിർമ്മിക്കുന്നതിനായി കിൻഫ്ര വീണ്ടും ഭൂമി പാട്ടത്തിന് നൽകി.നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അതും ഉപേക്ഷിക്കപ്പെട്ടു. 2011ലാണ് 19.85 കോടി രൂപക്ക് 90 വർഷത്തെ പാട്ട വ്യവസ്ഥയിൽ ഈ ഭൂമി കോസ്റ്റ് ഗാർഡ് അക്കാദമിക്കായി കൈമാറുന്നത്.ആ വർഷം തന്നെ തറക്കല്ലിടലും നടന്നു. എൻ.ഡി. എ. സർക്കാർ അധികാരത്തിൽ വന്ന ശേഷം കോസ്റ്റ് ഗാർഡ് അക്കാഡമിയുടെ ഭാവിയെ ക്കുറിച്ച് പല കോണുകളിൽ നിന്നും ആശങ്ക ഉയർന്നിരുന്നു. ഇതോടൊപ്പം കേന്ദ്രം മംഗലാപുരത്തേക്ക് അക്കാഡമി മാറ്റുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.ഇതിന് ഇടയിലാണ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത്.എന്നാൽ 25 വർഷം മുൻപ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ ഉന്നയിച്ച അതേ കാരണം പറഞ്ഞാണ് കോസ്റ്റ് ഗാർഡ് അക്കാദമി കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്.

പദ്ധതി ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ഈ ഭൂമി എന്തു ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.

https://www.youtube.com/watch?v=wQhUSyUtfDA