വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ അനിശ്ചിതത്വം; പുലിമുട്ട് നിർമ്മാണം പകുതി പോലും പൂർത്തിയായിട്ടില്ല; കരാർ ലംഘനത്തിൽ നടപടിയെടുക്കാതെ നോക്കുകുത്തിയായി സർക്കാരിന്‍റെ ഉന്നതാധികാരസമിതി; സർക്കാർ ഗൗരവം കാണിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി

വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട കരാർ കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ പുലിമുട്ട് നിർമ്മാണം പകുതി പോലും പൂർത്തിയായിട്ടില്ല. ഡിസംബറിന് മുൻപ് പണി തീരില്ല എന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ കരാർ ലംഘനത്തിൽ നടപടിയെടുക്കാതെ നോക്കുകുത്തിയായിരിക്കുകയാണ് സർക്കാരിന്‍റെ ഉന്നതാധികാരസമിതി.

ആദ്യഘട്ട കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഇനി 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രതീക്ഷ. ഇതു സാധ്യമാകണമെങ്കിൽ ഇനിയും ഒരു ലക്ഷം ടൺ കരികല്ല് കൂടി വേണം. തുറമുഖത്തേക്ക് കടൽ വെള്ളം ഇരച്ചു കയറുന്നത് തടയുന്നതിനുള്ള പുലിമുട്ട് നിർമാണത്തിനു മാത്രം 80 ലക്ഷത്തോളം ടൺ കല്ലാണ് വേണ്ടത്. പൈലിങ് പൂർത്തിയായ ബെർത്തിന്‍റെ നിർമാണത്തിനും 10 മുതൽ 15 ലക്ഷം ടൺ വരെ കരിങ്കല്ലും ആവശ്യമുണ്ട്.

കരിങ്കല്ലെടുക്കാൻ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 പാറമടകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ പാരിസ്ഥിതിക അനുമതിയുൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം പലപ്പോഴും പാറ പൊട്ടിക്കാൻ സാധിച്ചില്ല. നിലവിൽ മൂന്ന് ക്വാറികളിൽനിന്ന് കല്ലെടുക്കാനുള്ള ക്ലിയറൻസ് മാത്രമാണ് ലഭ്യമായിട്ടുള്ളത്.പ്രകൃതി ദുരന്തങ്ങളെത്തുടർന്നു പലപ്പോഴും ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നതും തിരിച്ചടിയായി.

പ്രതിദിനം 10,000 ടൺ കല്ലെങ്കിലും വേണ്ട സ്ഥാനത്ത് ഇപ്പോൾ കഷ്ടിച്ച് 3000 ടൺ മാത്രമാണ് കൊണ്ടുവരാൻ സാധിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിലെ കാലതാമസം, കടൽക്ഷോഭം , ഓഖി ചുഴലിക്കാറ്റ് തുടങ്ങിയവയും നിർമാണത്തെ തടസപ്പെടുത്തി. ഓഖിയിൽ തുറമുഖത്തെ പല നിർമാണ പ്രവർത്തനങ്ങളും കടലെടുക്കുകയും കൂറ്റൻ യന്ത്രസാമഗ്രികൾക്ക്പോലും കേടുപാടുകളുണ്ടാകുകയും ചെയ്തു. കരാർ കാലാവധി 16 മാസമെങ്കിലും നീട്ടി നൽകണം എന്നാവശ്യപ്പെട്ടെങ്കിലും ഇത്രയും കാലാവധി നീട്ടി നൽകാനാകില്ല എന്ന നിലപാടിലാണ് സർക്കാർ. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ നിർമാണം 2015 ഡിസംബർ അഞ്ചിനാണു തുടങ്ങിയത്. ആദ്യഘട്ടം 2015-19 ഡിസംബറിലും രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി നിശ്ചയിച്ചിരുന്നത്. ആയിരം ദിവസത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല.

vizhinjam project
Comments (0)
Add Comment