നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നതിൽ അവ്യക്തത. ദയാഹർജിയിൽ തീരുമാനം ആകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ല. സംസ്ഥാന സർക്കാരും പോലീസും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. മരണ വാറന്‍റിന് എതിരെ പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് നൽകിയ ഹർജിയിൽ ഉത്തരവിടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഈ ആവശ്യം ഉന്നയിച്ച് പ്രതിക്ക് സെഷൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
വധശിക്ഷ വിധി പ്രസ്താവിച്ച് ഇത്രയേറെ നാളായിട്ടും തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ വൈകിയത് വധശിക്ഷ നീട്ടാനുള്ള പ്രതികളുടെ തന്ത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ദയാഹർജി നൽകും മുൻപ് മരണവാറന്‍റ് പുറപ്പെടുവിച്ചത് നിയമ വിരുദ്ധം, ദയാ ഹർജി തള്ളിയ ശേഷം വധശിക്ഷയ്ക്ക് മുൻപ് 14 ദിവസം ലഭിക്കണം തുടങ്ങിയ വാദങ്ങൾ ആയിരുന്നു പ്രതിഭാഗം പ്രധാനമായും ഇന്ന് ഉയർത്തി കാട്ടിയത്. അതിനിടെ പ്രതികളുടെ ദയ ഹർജി തള്ളണമെന്ന് ഡൽഹി സർക്കാർ ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലിനോട് ആവശ്യപ്പെട്ടു.
അതേസമയം, പ്രതികളെ സംരക്ഷിക്കാനും വധശിക്ഷ വൈകിപ്പിക്കാനുമാണ് കുറ്റവാളികളുടെ അഭിഭാഷകർ ശ്രമിക്കുന്നതെന്ന് നിർഭയുടെ അമ്മ ആശാദേവി. നിതി ലഭിക്കും വരെ പോരാട്ടം തുടരും. ശിക്ഷ ലഭിച്ചു കൊണ്ടിരിക്കുന്നത് പ്രതികൾക്കല്ല, ഇരകൾക്കെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.