അധ്യാപക നിയമനത്തിലെ ഉന്നതവിദ്യാഭ്യാസവകുപ്പിന്‍റെ അനധികൃത ഇടപെടല്‍ ; വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ച് തടിതപ്പി സർക്കാർ

സർവകലാശാലകളിലെ അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ വിവാദ ഉത്തരവ് പിൻവലിച്ച് തടിതപ്പി സർക്കാർ. ബയോടെക്നോളജി  എം.എസ്.സി ബിരുദം  നേടിയവരെ സർവകലാശാലകളിലും കോളേജുകളിലും സുവോളജി,  ബോട്ടണി അധ്യാപകരായി നിയമിക്കാമെന്ന  ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് സർക്കാർ തന്നെ  മരവിപ്പിച്ചു. യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ തീരുമാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ്   ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.

സർവകലാശാലകളുടെ സ്വയം ഭരണത്തിലും  നിയമനത്തിലും  വഴിവിട്ട ഇടപെടൽ നടത്തിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം  ഉത്തരവ് ഇറക്കിയത്. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും  ബോട്ടണി, സുവോളജി വിഷയങ്ങളിൽ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാമെന്നായിരുന്നു  ഉത്തരവ്.  യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗൺസിലിനും മാത്രമാണ് യോഗ്യത നിർണയിക്കാൻ അധികാരമെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ  ശുപാർശ പ്രകാരം സർക്കാർ ഉത്തരവിറക്കിയത്.

സർവകലാശാലകളുടെ അക്കാദമിക് കൗണ്‍സിലുകളുടെ  അധികാര പരിധിയിൽ പെട്ട കാര്യം ശുപാർശ ചെയ്യുവാൻ ഹയർ എഡ്യുക്കേഷൻ കൗൺസിലിന്  അധികാരമില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥികളും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റിയും  ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും  നിവേദനം നൽകിയിരുന്നു. വിസിമാരുൾപ്പെടെയുള്ള  കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീൽ വിശദീകരിച്ചെങ്കിലും നടപടി ചട്ടവിരുദ്ധമാണെന്ന്  തീർച്ചയായതോടെ ഉത്തരവിറങ്ങി ദിവസങ്ങൾക്കുള്ളിൽ സർക്കാർ തന്നെ ഉത്തരവ് മരവിപ്പിച്ച് തടിതപ്പിയിരിക്കുകയാണ്.

വിവാദമായതോടെ പിന്‍വലിച്ച ഉത്തരവിന്‍റെ പകർപ്പ് :

Comments (0)
Add Comment