ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ അനധികൃത ഇടപെടല്‍ വീണ്ടും ; യു.ജി.സി നിർദേശങ്ങള്‍ മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി

B.S. Shiju
Friday, February 28, 2020

തിരുവനന്തപുരം : സർവകലാശാലയുടെ സ്വയം ഭരണത്തിലും നിയമനത്തിലും വീണ്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ വഴിവിട്ട ഇടപെടൽ. ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും ഇനി ബോട്ടണി, സുവോളജി വിഷയങ്ങളിൽ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരികളായ രണ്ടു പേർ നിയമനത്തിലെ യോഗ്യതാ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ സമീപിച്ചു. തുടർന്ന് കൗൺസിൽ ഹിയറിംഗ് നടത്തി ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരികളെയും ബോട്ടണി, സുവോളജി വിഷയങ്ങളിൽ അസിസ്റ്റന്‍റ് പ്രൊഫസറുടെ യോഗ്യതയായി പരിഗണിക്കാമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസിനും അക്കാദമിക് കൗൺസിലിനും മാത്രമാണ് യോഗ്യത നിർണയിക്കാൻ അധികാരമെന്നിരിക്കെയാണ് കൗൺസിലിന്‍റെയും സർക്കാരിന്‍റെയും വഴിവിട്ട ഇടപെടൽ.

ഇത്തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനധികൃത ഇടപെടൽ നടത്തിയത് വേണ്ടപ്പെട്ടവരെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. ബയോടെക്നോളജിയുടെയും ബോട്ടണി, സുവോളജി വിഷയങ്ങളുടെയും സിലബസ് വ്യത്യസ്തമാണെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ദുരൂഹ ഉത്തരവ്. തീരുമാനത്തിനെതിരെ സുവോളജി, ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് അവസരം നഷ്ടമാകുമെന്നും ആശങ്കയുണ്ട്. സർവകലാശാലാ അദാലത്തുകളിലെ അനധികൃത ഇടപെടലും മാർക്ക് ദാനവുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പും മന്ത്രി കെ.ടി ജലീലും പ്രതിസ്ഥാനത്തുള്ളപ്പോഴാണ് പുതിയ വിവാദം.