ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Jaihind News Bureau
Tuesday, June 2, 2020

 

മലപ്പുറം : ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി ദേവിക ആണ് മരിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതില്‍ ദേവിക വിഷമത്തിലായിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നതിന്‍റെ വിഷമം പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല.

സംസ്ഥാനത്ത് തിങ്കളാഴ്ചയാണ് ഓണ്‍ലൈനായി അധ്യയന വര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ  ആള്‍പ്പാർപ്പില്ലാത്ത അടുത്തുള്ള വീടിന്‍റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അതേസമയം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെ തിടുക്കപ്പെട്ട് സർക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ക്ലാസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും തീരദേശങ്ങളിലേയും കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടില്ല. ആദിവാസി മേഖല, മത്സ്യത്തൊഴിലാളി മേഖല തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളില്‍ പല വീടുകളിലും ടെലിവിഷന്‍ സൗകര്യമില്ല. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റ് സൗകര്യവും ടി.വി സൗകര്യവുമില്ലാത്തവര്‍ക്ക് ക്ലാസുകള്‍ പ്രയോജനപ്പെട്ടിട്ടില്ല. ഇക്കാര്യം പ്രതിപക്ഷം സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

(Please Note : ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈന്‍ നമ്പരുകൾ – 1056, 0471- 2552056)