മുഖ്യമന്ത്രി ആരെന്ന് സര്‍ക്കാരിന് അറിയില്ല!!! ഉപദേശകന്‍റെ ഫ്‌ളാറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്ര മറുപടി

Jaihind Webdesk
Thursday, October 31, 2019

ഉത്തരങ്ങളില്ലാത്ത, ചോദ്യങ്ങള്‍ അനുവദിക്കാത്ത പിണറായി സര്‍ക്കാരിന് മുഖ്യമന്ത്രി ആരാണെന്ന് അറിയില്ലെന്ന്… നിയമസഭയിലാണ് ഇത്തരമൊരു വിചിത്ര മറുപടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് തർക്കുത്തരവും വിചിത്രവുമായ മറുപടി നൽകിയിരിക്കുന്നത് . ചോദ്യത്തിൽ ഏത് മുഖ്യമന്ത്രിയുടെത് എന്ന് വ്യക്തമാക്കാത്തതിനാൽ ഉത്തരം നൽകാൻ കഴിയില്ല എന്നാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയിരിക്കുന്നത്.

എൽദോസ് കുന്നപ്പിളളി എം.എൽ എ യാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്‍റെ പേരില്‍ മരടിലെ ഹോളി ഫെയ്ത് അപ്പാർട്ട്മെന്‍റിൽ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ എന്ത് വിലയാണ് രജിസ്ട്രേഷൻ രേഖകളിൽ കാണിച്ചിട്ടുള്ളത് എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഏത് മുഖ്യമന്ത്രി എന്ന് വ്യക്തമാക്കാത്തതിനാല്‍ ഉത്തരം നല്‍കാനാവില്ല എന്ന വിചിത്രമായ മറുപടിയാണ് സർക്കാർ ഇതിന് നൽകിയത്. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന്‍റേതാണ് മറുപടി. രേഖാമൂലമാണ് ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്.

2006 മുതല്‍ 2016 വരെയുള്ള കാലയളവിൽ മരടിൽ 90 ഫ്‌ളാറ്റുകളുടെ രജിസ്‌ട്രേഷന്‍ നടന്നുവെന്നും മറുപടിയിൽ വിശദീകരിക്കുന്നുണ്ട്. കേരളം ഭരിക്കുന്നത് ഏത് മുഖ്യമന്ത്രിയാണെന്നും ആ മുഖ്യമന്ത്രിയുടെ ഉപദേശകൻ ആരാണെന്നും അറിയില്ല എന്ന് കൂടിയാണ് മന്ത്രി ജി സുധാകരൻ ഈ മറുപടിയിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് മരടിൽ ഫ്ലാറ്റ് ഉണ്ടെന്ന വാർത്ത നേരത്തെ വിവാദമായിരുന്നു. ഇതുമാ യി ബന്ധപ്പെട്ട പല വിവരങ്ങളും ഇപ്പോഴും പുറത്ത് വന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ ഫ്ലാറ്റുമായി ബന്ധപ്പെട്ട വിവരക്കൾ മറച്ചുവെക്കാനുള്ള സർക്കാരിന്‍റെ ഗൂഢതന്ത്രം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.