മാതൃദിനത്തില്‍ കരുണാലയത്തിലെ അമ്മമാരുടെ അരികിലെത്തി ഉമാ തോമസ്

Jaihind Webdesk
Sunday, May 8, 2022

 

തൃക്കാക്കര: ഇന്ന് മദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ തിരക്കിനിടയിലും തൃക്കാക്കരയുടെ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് അമ്മമാരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തി. മുണ്ടംപാലം കരുണാലയത്തിലെ അമ്മമാരോടൊപ്പമാണ് ഉമ തോമസ് മദേഴ്‌സ് ഡേ ആഘോഷിച്ചത്. കേക്ക് മുറിച്ചും കുശലം പറഞ്ഞും കുറച്ചു നേരം അവർക്ക് ഒപ്പം ഉമ സമയം ചിലവഴിച്ചു.

കരുണാലയത്തിലെത്തിയ ഉമാ തോമസിന്‍റെ മനസിലെ ശൂന്യത പി.ടി മാത്രമായിരുന്നു. തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിലെ അമ്മമാരോട് പി.ടി തോമസിനുണ്ടായിരുന്ന ബന്ധം വൈകാരികമായിരുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് ഇവിടത്തെ അമ്മമാർക്ക് രോഗം ബാധിച്ചപ്പോൾ പി.ടി പ്രത്യേക മുൻകൈ എടുത്ത് കളക്ടറുമായി സംസാരിച്ച് കരുണാഭവൻ ജില്ലയിലെ ആദ്യ സ്വകാര്യ എഫ്എൽടിഎസ് ആയി പ്രഖ്യാപിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കി.

പി.ടി എന്ന രാഷ്ട്രീയ നേതാവ് ഇത്തരം കാര്യങ്ങളില്‍ സ്വീകരിച്ച ആത്മാർത്ഥതയും വൈകാരികതയും നേരിൽ കണ്ട അനുഭവം ഉമയ്ക്കുണ്ട്. കരുണാലയത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ച് ട്രാൻസ്ഫോർമർ വെച്ച് പ്രശ്നം പരിഹരിച്ചു. പി.ടിയുടെ ഓർകളും പേറിയാണ് ഉമാ തോമസ് അവിടെ എത്തിയത്. കരുണാലയത്തിലെ അമ്മമാർ ഏറെ സ്നേഹത്തോടെയാണ് ഉമയെ സ്വീകരിച്ചതും.