തൃക്കാക്കരയിലെ സമരവേദികളിലും നിറസാന്നിധ്യമായി ഉമാ തോമസ് : പ്രചാരണത്തിലുടനീളം ലഭിച്ചത് വന്‍ സ്വീകരണം

Jaihind Webdesk
Wednesday, May 11, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ബഹുദൂരം മുന്നില്‍. മണ്ഡലത്തിലെ സമരവേദികളിലുള്‍പ്പടെ നിറസാന്നിധ്യമായി മാറുകയാണ് ഉമാ തോമസ്. ഒരേ സമയം നടന്ന രണ്ട് സംഘടനകളുടെ  സമരവേദിയിലും  ഉമാ തോമസ് വന്നിറങ്ങിയതോടെ സ്ഥാനാർത്ഥിയെ  സ്വീകരിക്കാനും ഒപ്പം ഫോട്ടോ എടുക്കാനുമായി തിരക്ക്.

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സമരവേദിയിലേക്ക് ആണ് ഉമാ തോമസ് ആദ്യം എത്തിയത്. സമരകാരണങ്ങൾ തിരക്കി സഘാടകരുടെ കയ്യിൽ നിന്നും നോട്ടീസ് വാങ്ങി വിഷയം മനസിലാക്കി പ്രസംഗം ആരംഭിച്ചു. സമരരത്തിന് തൻ്റെ എല്ലാ പിന്തുണയും രേഖപ്പെടുത്തി. കൂടാതെ സമര ഭടന്മാരെ ഒരു ചുമതലയും ഏല്പിച്ചു. തൃക്കാക്കരയിലുള്ളവരും ഇല്ലാത്തവരും നിങ്ങളുടെ കൂട്ടുകാരെ എല്ലാം വിളിക്കണം. നിങ്ങളുടെ കൂട്ടുകാരുടെയും കൂട്ടുകാരികളുടെയും വോട്ട് കൂടി എനിക്ക് വാങ്ങി തരണം. നിഷ്ക്കളങ്കമായ വോട്ട് ചോദ്യം സമരപ്പന്തലിൽ ചിരി പടർത്തി.

സഹകരണ മേഖലയിൽ ജനാധിപത്യത്തെ തകർക്കുന്നതിനെതിരെ സഹകരണ സംഘം കളക്ട്രേറ്റ് കവാടത്തിന് മുന്നിൽ നടക്കുന്ന സമരമായിരുന്നു മറ്റൊന്ന്. സ്ഥാനാർത്ഥി എത്തിയതോടെ പ്രാസംഗികൻ്റെ താളം തെറ്റി.സ്ഥാനാർത്ഥിയെ കാണാനുള്ള സമരക്കാരുടെ തിരക്കായിരുന്നു കാരണം. ഉടൻ പ്രസംഗം അവസാനിപ്പിച്ച് സ്ഥാനാർത്ഥിക്ക് മൈക്ക് കൈമാറി.

ചളിക്ക വട്ടം രാജ രാജേശ്വരി ക്ഷേത്രത്തിൽ എത്തിയ ഉമ തോമസിനെ സ്വീകരിക്കാൻ ക്ഷേത്ര മുറ്റത്തുണ്ടായിരുന്നത് രണ്ട് ഗജവീരന്മാരായിരുന്നു. തൊടുപുഴ കണ്ണനും കോട്ടയം കിരൺ നാരായണൻകുട്ടിയും കിരണിൻ്റെ പാപ്പാൻ അനിലിൻ്റെ അടുത്ത് പോയി വിശേഷങ്ങൾ തിരക്കി ആനയെ കാണാൻ എത്തുന്നവരോട് എൻ്റെ പേരും പറയണമെന്ന് അനിലിനെ ചുമതലപ്പെടുത്തിയാണ് ഉമ തോമസ് ക്ഷേത്രത്തിലേക്ക് കയറിയത്. മുൻ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് രാജേന്ദ്രനും ഭാരവാഹികളും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളെ മുഴുവൻ നേരിൽ കണ്ട് ഉമ തോമസ് വോട്ടുകൾ അഭ്യർത്ഥിച്ചു. അന്നദാനഹാളിൽ എത്തി മുഴുവൻ ഭക്തരെയും നേരിൽ കണ്ടു. ഭക്ഷണ ഹാളിലെ വനിതാ സാരഥിയെ കണ്ട് നാല് പോസ്റ്റ് വുമൺസ് വിശേഷം പറഞ്ഞ് അടുത്തിരുത്തി. പാലാരിവട്ടം പോസ്റ്റോഫിസിലെ സ്വപ്നയും സുഹൃത്തുക്കളുമായിരുന്നു. കത്ത് കൊടുക്കാൻ പോകുന്നിടത്ത് എനിക്കായി വോട്ട് ചോദിക്കാൻ മറക്കരുതെന്ന് പറഞ്ഞ ഉമാ തോമസിനോട് സ്ത്രീകൾ വരണമെന്നാണ് ഞങ്ങൾ അധ്വാനിക്കുന്ന സ്ത്രീകളുടെ ആഗ്രഹം എന്നാണ് അവർ മറുപടി നൽകിയത്.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഇന്നലത്തെ പ്രചാരണ പരിപാടികളുടെ തുടക്കം കുറിച്ചത് പാലാരിവട്ടം മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചുകൊണ്ടാണ്. മാർത്തോമ്മാ പള്ളി, മാമംഗലം പള്ളി, കറുകപ്പള്ളി പള്ളി, പാട്ടുരയ്ക്കൽ ക്ഷേത്രം എന്നീ ആരാധനാലയങ്ങളിലാണ് സന്ദർശനം നടത്തിയത്. അഞ്ജലി സാധൻ മഠം, മരിയൻ സ്നേഹ ഭവൻ, യതീംഖാന തുടങ്ങിയ ഇടങ്ങളിലും സ്ഥാനാർഥി സന്ദർശിച്ചു വോട്ടഭ്യർഥന നടത്തി. പാലാരിവട്ടം അയ്യപ്പക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രനെയും മാമംഗലം എസ്എൻഡിപി സെക്രട്ടറി പത്മദാസിനെയും കണ്ട് പിന്തുണയഭ്യർഥിച്ചു. പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് മജീദ് കണ്ടത്തിന്റെ വസതിയിലെത്തി അനുഗ്രഹം തേടി. മണ്ഡലത്തിലെ വിവിധ വിവാഹ മരണ വീടുകൾ സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥിയുടെ പര്യടനം വെണ്ണല മണ്ഡലത്തിലായിരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വോട്ടഭ്യർഥന നടത്തി. പുല്ലുപറമ്പ് ചളിക്കവട്ടം മുസ്ലിം ജമാമത്ത് സന്ദർശിച്ചു. അതിനുശേഷം ചളിക്കവട്ടം ജംഗ്ഷനിൽ വോട്ടഭ്യർഥന നടത്തി. ജയമാത പള്ളി, എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വെണ്ണല എൻഎസ്എസ് ഹാളിൽ നടന്ന മഹിളാ കോൺഗ്രസ് കൺവെൻഷനിൽ പങ്കെടുത്തു. പിണറായി സർക്കാരിന്‍റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും തൃക്കാക്കരയിലെ ജനങ്ങൾ യുഡിഎഫിന് വോട്ട് നൽകണമെന്ന് ഉമ തോമസ് വേദിയിൽ അഭ്യർത്ഥിച്ചു.

വൈറ്റില മണ്ഡലം കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഈസ്റ്റ് മണ്ഡലം കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. തമ്മനം മണ്ഡലം കൺവെൻഷൻ ബെന്നി ബഹനാൻ എംപി  ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നോർത്ത് മണ്ഡലം കൺവെൻഷൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.