തൃക്കാക്കരയിൽ ഉമാ തോമസിന് വിജയം സുനിശ്ചിതമെന്ന് കെ സുധാകരന്‍ എംപി : ആവേശത്തോടെ മഹിളാ കോൺഗ്രസ്

Jaihind Webdesk
Wednesday, May 11, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മഹിളാ കോൺഗ്രസ് കൺവെൻഷൻ വെണ്ണലയിൽ നടന്നു. കൺവെൻഷൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകാരൻ എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ വലിയ ആവേശത്തോടെയും കരഘോഷങ്ങളോടെയുമാണ് തൃക്കാക്കരയിലെ മഹിളാ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചത്. വിവിധ വാർഡുകളിൽ നിന്നുമായി നൂറുകണക്കിന് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.

തൃക്കാക്കരയിൽ ഉമയ്ക്ക് വിജയം സുനിശ്ചിതമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി പറഞ്ഞു. വികസനത്തിന് വക്താക്കൾ എന്ന് പറഞ്ഞുകൊണ്ട് കെ റെയിലുമായി ജനമനസ്സുകളെ തകർക്കാൻ ഏകാധിപത്യ പ്രവണതയോടു കൂടി പ്രവർത്തിക്കുന്ന സർക്കാരാണ് പിണറായി വിജയൻറെ സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകാൻ കഴിയുന്ന തിരിച്ചടിയാണ് തെരഞ്ഞെടുപ്പെന്ന് ബെന്നി ബഹനാൻ എം പി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ് ഭരണത്തിൽ കയറിയ പിണറായി സർക്കാർ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷനിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, അൻവർ സാദത്ത് എം.എൽ.എ മഹിളാ കോൺഗ്രസ് ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടത്തു.