അമ്മമാർക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള ആശുപത്രിയില്‍ ബോംബിട്ട് റഷ്യയുടെ ക്രൂരത; നീചമായ പ്രവൃത്തിയെന്ന് യുക്രെയ്ന്‍

കീവ്: യുക്രെയ്നിലെ ആശുപത്രിക്ക് നേരെ റഷ്യന്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 17 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍. മരിയൂപോള്‍ നഗരത്തിലെ അമ്മമാർക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രിയാണ്  റഷ്യയുടെ വ്യോമാക്രമണത്തില്‍ തകർന്നത്. റഷ്യയുടേത് നീചമായ പ്രവൃത്തിയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കി ആരോപിച്ചു.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും റഷ്യ ആക്രമണം ശക്തമായി തുടരുകയാണ്. യുദ്ധ നിയമങ്ങള്‍ റഷ്യ തുടർച്ചയായി ലംഘിക്കുന്നുവെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയാണ് ആക്രമണത്തില്‍ തകർന്നത്. ആശുപത്രി ജീവനക്കാർ ഉള്‍പ്പെടെ 17 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെടിനിർത്തല്‍ പ്രാബല്യത്തിലുള്ളപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മരിയുപോള്‍ അഡ്മിനിസ്ട്രേഷന്‍ മേധാവി പാവ് ലോ കിരിലെങ്കോ അറിയിച്ചു.

ഇത് എന്തൊരു രാജ്യമാണെന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്‍റ് വൊലോദിമിർ സെലെന്‍സ്കിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ആശുപത്രിക്ക് നേരെ പോലും ക്രൂരമായ ആക്രമണം നടത്തിയ റഷ്യ ചെയ്തത് യുദ്ധക്കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാരിയുപോള്‍ നഗരത്തെ ഏതാനും ദിവസങ്ങളായി റഷ്യൻ സൈന്യം വളഞ്ഞിരിക്കുകയാണ്. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ല.  നിർജലീകരണം കാരണം ആളുകൾ മരിക്കുന്നതായും യുക്രെയ്നിലെ റെഡ് ക്രോസ് ഭാരവാഹികള്‍ പറയുന്നു.  ‘കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെ ഇവര്‍ക്ക് ബോംബ് വർഷിക്കാനാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല.  ഇത് സത്യമാണെന്ന് ആർക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ?’ – മരിയുപോള്‍ ഡെപ്യൂട്ടി മേയർ ഷെർഹി ഓർലോവ് പ്രതികരിച്ചു. റഷ്യ ബോംബാക്രമണം ആരംഭിച്ചതിനുശേഷം നഗരത്തിൽ കുറഞ്ഞത് 1,170 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ഒർലോവ് പറഞ്ഞു.

Comments (0)
Add Comment