മഹാരാജാസിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി: അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രം; വിവരാവകാശ രേഖകള്‍ പുറത്ത്

 

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി. ബിഎ പരീക്ഷ പാസാവാത്ത എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എംഎ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് 2020 മാര്‍ച്ച് വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയി ട്ടുള്ളൂവെന്നും, ആട്ടോണമസ് പദവി തുടരുന്നതിന് കോളേജ് അധികൃതര്‍ യുജിസി പോര്‍ട്ടലില്‍ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കി.

കോളേജ് അധികൃതര്‍ യഥാസമയം യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും, കോളേജിന്‍റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് കോളേജ് പ്രിന്‍സിപ്പലിന്‍റെ വിശദീകരണം. എന്നാല്‍ അതെല്ലാം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയ്ക്ക് യുജിസി യില്‍ നിന്നും ലഭിച്ച വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നു.

2014 ല്‍ യുഡിഎഫ് സര്‍ക്കാരാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്താതെ അവര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ മഹാരാജാസ് കോളേജില്‍ പരിശോധന നടത്തി കോളേജിന് 2020 മാര്‍ച്ച് വരെ ഓട്ടോണമസ് പദവി നല്‍കി. ആദ്യം ചിലരില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവര്‍ നിലപാട് മാറ്റി. അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിര്‍ണ്ണയത്തിലും വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശക്തമായി.

സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം  ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും  ദുരുപയോഗം  ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ്.

കോളേജിന്‍റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എംജി യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2020 മാര്‍ച്ചിന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നും, പ്രിന്‍സിപ്പലിന്‍റെ ശുപാര്‍ശ പ്രകാരം ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റി തടയണമെന്നും, ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി.

Comments (0)
Add Comment