ചാമ്പ്യൻസ് ലീഗിൽ ഇന്ന് റയൽ മാഡ്രിഡ് പി.എസ്.ജിയെയും യുവന്‍റസ് അത്ലറ്റികോ മാഡ്രിഡിനെയും നേരിടും

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. 13 തവണ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജിയെയും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ യുവന്‍റസ് അത്ലറ്റികോ മാഡ്രിഡിനെയും നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് ഷാക്തറും ബയേൺ മ്യൂണിക്കിന് ക്രെവ്ന സ്വെസ്ദയുമാണ് എതിരാളി.

ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ടീമായ റയലിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാവില്ല. പഴയ വീര്യവും കരുത്തും ഒട്ടുമില്ലാതെയാണ് മുൻ ചാമ്പ്യൻമാരുടെ വരവ്. കഴിഞ്ഞ സീസണിൽ മങ്ങിയ ടീം ഇത്തവണയും മികച്ച കളി പുറത്തെടുത്തിട്ടില്ല. ലീഗിൽ റയലിന് ഹാട്രിക് കിരീടം നേടിക്കൊടുത്ത പരിശീലകൻ സിനദിൻ സിദാന്‍റെ മടങ്ങിവരവിലാണ് റയലിൽ പ്രതീക്ഷ. ക്യാപ്റ്റൻ സെർജിയോ റാമോസും നാച്ചോയും സസ്പെൻഷനിലാണ്. പ്രതിരോധത്തിൽ ബ്രസീലുകാരൻ മാഴ്സെലോയും മധ്യനിരയിൽ ലൂക്കാ മോഡ്രിച്ചും പരിക്കിന്‍റെ പിടിയിലാണ്. ഏദെൻ ഹസാർഡും ഹാമേഷ് റോഡ്രിഗസുമടങ്ങുന്ന റയലിന് വിജയ പ്രതീക്ഷയാണുള്ളത്.

അവസാന മൂന്നു സീസണിലും പ്രീ ക്വാർട്ടറിൽ പുറത്തായ പി.എസ്.ജി ഇത്തവണയും കച്ചമുറുക്കിയാണ് എത്തുന്നത്. മുന്നേറ്റനിരയിൽ കിലിയൻ എംബാപ്പെയ്ക്കും എഡിൻസൺ കവാനിക്കും പരിക്കുകാരണം കളി നഷ്ടമാകുന്നത് അറ്റിക്കിങ്ങ് വേഗത കുറക്കും. നെയ്മറാകട്ടെ വിലക്കിലും. എങ്കിലും നിസ്സാരക്കാരല്ല പി.എസ്.ജി. സ്വന്തം തട്ടകത്തിൽ റയലിനെ മുട്ടുകുത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അവർ. റയലിൽനിന്ന് ഈ സീണിൽ ടീമിലെത്തിയ ഗോൾകീപ്പർ കെയ്ലർ നവാസ് പിഎസ്ജിയുടെ ഗോൾവല കാക്കും.

ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും എട്ടു തവണയാണ് മുഖാമുഖമെത്തിയത്. നാലിലും ജയം റയലിനൊപ്പമായിരുന്നു. രണ്ടെണ്ണം പിഎസ്ജി ജയിച്ചു. മറ്റു രണ്ടെണ്ണം സമനിലയിലും. കഴിഞ്ഞ സീസണിലെ പ്രീ ക്വാർട്ടർ പോരിന്റെ തനിയാവർത്തനമാണ് ഗ്രൂപ്പ് ഡിയിലെ യുവന്റസ്-അത്ലറ്റികോ പോര്. അന്ന് റൊണാൾഡോയുടെ മികവിൽ യുവന്റസ് മുന്നേറി. അത്ലറ്റികോയുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ റൊണാൾഡോയിലാണ് യുവന്‍റസിന്‍റെ പ്രതീക്ഷ മുഴുവൻ. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് ഈ പോർച്ചുഗീസുകാരൻ. അത്ലറ്റികോയ്ക്കാകട്ടെ റൊണാൾഡോയ്ക്കുള്ള മറുമരുന്ന് മറ്റൊരു പോർച്ചുഗീസുകാരനാണ്. കൗമാരക്കാരൻ ജോവാവേ ഫെലിക്സ്. മുമ്പ് ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ജയം അത്ലറ്റികോയ്ക്കായിരുന്നു. ഒരു കളി സമനിലയായപ്പോൾ ഒന്നിൽ യുവന്‍റസ് ജയിച്ചു.

താരതമ്യേന ദുർബലരായ എതിരാളികൾക്കു മുന്നിൽ മികച്ച ജയം കുറിച്ച് ഒരുക്കം ഗംഭീരമാക്കാനാണ് സിറ്റിയും ബയേണും ടോട്ടനവും ഇറങ്ങുന്നത്.

Comments (0)
Add Comment