മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫിന്‍റെ നിയമ സഭാ മാര്‍ച്ച്, പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം, രാഹുല്‍ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും അറസ്റ്റില്‍

 

തിരുവനന്തപുരം: അധോലോക മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുഡിവൈഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഒരു മണിക്കൂറിലേറെ നിയമസഭയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഉൾപ്പെടെയുള്ള യുഡിവൈഎഫ് പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയും യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ. ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും പോലീസിന്‍റെ ക്രിമിനല്‍വല്‍ക്കരണവും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പിണറായി വിജയനെ കാവി ഭൂതമെന്ന് പി.കെ ഫിറോസ് വിമര്‍ശിച്ചു. പിണറായിയുടെ താമരയും വാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ ബന്ധമെന്ന ആരോപണം കടുപ്പിച്ചെത്തിയ പ്രതിപക്ഷ സംഘടനകളെ രണ്ട് ജലപീരങ്കി കൊണ്ടാണ് പോലീസ് നേരിട്ടത്.

വനിതകള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. അതേസമയം, സഭയിലും പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നിരുന്നു.

Comments (0)
Add Comment