കള്ളം പറയുന്നവരുമായി ഒന്നിച്ച് പോകാനാവില്ല; ബി.ജെ.പിയുമായി കൈകോര്‍ത്തതില്‍ ഖേദിക്കുന്നു; സമ്മര്‍ദ്ദം ശക്തമാക്കി ഉദ്ദവ് താക്കറെ

Jaihind Webdesk
Friday, November 8, 2019

മുംബൈ: ദേവേന്ദ്ര ഫഡ്നാവിസിന് മറുപടിയുമായി ശിവസേന. ”വാക്കില്‍ നിന്നും പിന്മാറരുതെന്നാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചത്. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി നുണയനെന്ന് ചിത്രീകരിക്കപ്പെട്ട ആളെന്ന നിലയില്‍ വിഷമമുണ്ട്. ഫഡ്നാവിസും ഷായും എന്റെ അടുത്ത് വന്നതാണ്, ചര്‍ച്ചയ്ക്കിടെ അവര്‍ പറഞ്ഞത് സേനയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പദവി ലഭിക്കുമെന്നാണ്. ആ വാഗ്ദാനം തട്ടികളഞ്ഞ് ഞാന്‍ ഇറങ്ങിപ്പോവുകയായിരുന്നു” ഉദ്ദവ് താക്കറെ പറഞ്ഞു.

ബിജെപിയുമായി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന കാര്യത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയെന്നും ഉദ്ദവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളം പറയുന്നവരുമായി സഖ്യം തുടരാന്‍ ശിവസേന ആഗ്രഹിക്കുന്നില്ല.മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി സ്ഥാനം എന്ന ശിവസേനയുടെ ആവശ്യം ബിജെപിക്ക് അംഗീകരിക്കേണ്ടിവരുമെന്നും ഉദ്ദവ് പറഞ്ഞു.
ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും ബിജെപിക്കും ഫഡ്നാവിസിനു മുന്നിലും ശിവസേന വാതിലുകള്‍ അടച്ചിട്ടില്ല. ഞങ്ങള്‍ എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി കള്ളം പ്രചരിപ്പിച്ചു. എന്‍സിപിയുമായി ഇതുവരെ ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഫഡ്നാവിസ് ശിവസേനയ്ക്കതെിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പോലും ശിവസേന മേധാവി ഉദ്ദവ് താക്കറെ തയ്യാറായില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. നിരവധി തവണ കാണാന്‍ സന്നദ്ധത അറിയിച്ചു. ഫോണില്‍ വിളിച്ചു. എന്നാല്‍ അതിനൊന്നും ശിവസേന നേതൃത്വം തയ്യാറായില്ല. ബിജെപിയുമായി ചര്‍ച്ച നടത്തുന്നതിന് പകരം എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.