‘യോഗിയെ ചെരിപ്പുകളൂരി അടിക്കാന്‍ തോന്നി ‘ ; ഉദ്ധവ് താക്കറെയുടെ പ്രസംഗം വൈറല്‍

Jaihind Webdesk
Wednesday, August 25, 2021

മുംബൈ : ബിജെപി – ശവിസേന കരണത്തടി വിവാദം അടങ്ങുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ 2018ൽ നടത്തിയ ‘വിദ്വേഷ’ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രസംഗത്തിനിടെ ‘യോഗി ആദിത്യനാഥിനെ അദ്ദേഹം ധരിച്ചിരിക്കുന്ന സ്ലിപ്പർ ‌ഊരി അടിക്കാൻ തോന്നി’ എന്ന ഉദ്ധവിന്‍റെ പരാമർശമാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് മുൻപ് നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോയാണ് കേന്ദ്ര മന്ത്രി നാരായൺ റാണെയുടെ അറസ്റ്റിനു പിന്നാലെ പ്രചരിക്കുന്നത്.

‘അയാൾക്ക് എങ്ങനെയാണ് ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാൻ കഴിയുക? അദ്ദേഹം ഒരു യോഗിയല്ലേ. അപ്പോൾ എല്ലാം ത്യജിച്ച് വല്ല ഗുഹയിലും പോയിരിക്കണം. എന്നാൽ ഇദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ കയറിയിരുന്നശേഷം സ്വയം യോഗിയെന്നു വിളിക്കുന്നു. യുപിയും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം എന്താണെന്നു യോഗി മനസ്സിലാക്കണം. ഛത്രപതി ശിവജി അധികാരം ഏറ്റപ്പോൾ യുപിയിലെ ഗാഘാഭട്ടിൽനിന്നുള്ള ഒരു പൂജാരി ചടങ്ങിന് എത്തിയിരുന്നു. അതേ സമയം ഊതിവീർപ്പിച്ച ബലൂണുമായാണു യോഗിയുടെ വരവ്.

ശിവജിയുടെ പ്രതിമയിൽ മാലയിട്ടപ്പോൾ അയാൾ ചെരിപ്പുകൾ ധരിച്ചിരുന്നു. അതേ ചെരിപ്പുകൾ ഊരി യോഗിയെ അടിക്കാനാണ് അപ്പോൾ എനിക്കു തോന്നിയത്. ശിവജിയുടെ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോലും യോഗിക്കില്ല’– പ്രസംഗത്തിലെ  ഉദ്ധവിന്‍റെ വാക്കുകൾ.

ഉദ്ധവ് താക്കറയ്ക്കെതിരെ ‘ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനു നല്ല ഒരടി വച്ചു കൊടുത്തേനേ’ എന്ന  പരാമർശത്തിന് കേന്ദ്ര മന്ത്രി നാരായൺ റാണെയെ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ ബിജെപി – ശിവസേന പ്രവർത്തകർ തെരുവില്‍ ഏറ്റുമുട്ടിയിരുന്നു.