സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. 39 ഇടങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 4 സീറ്റുകൾ യു.ഡി.എഫ് തിരിച്ചു പിടിച്ചു. എൽ.ഡി.എഫിന്റെ 22 സീറ്റിൽ ഒന്ന് നഷ്ടപ്പെട്ടു. തിരുവനന്തപുരം നഗരസഭ കിണവൂർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ഷീലാസാണ് വിജയിച്ചത്.
മലപ്പുറം വളാഞ്ചേരി നഗരസഭ 28-ാം ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. മുസ്ലീം ലീഗിലെ ഫാത്തിമ നസിയാണ് ഇവിടെ വിജയിച്ചത്. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ചാവോക്കുന്ന് പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ സി.കെ മഹറൂഫ് വിജയിച്ചു. കണ്ണൂർ നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുഹമ്മദ് കുഞ്ഞ് നിലനിർത്തി.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. മുസ്ലീം ലീഗിലെ ഫൈസൽ കൊല്ലോളി 1,354 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കൊല്ലം പത്തനാപുരം വിളക്കുടി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. യു.ഡി.എഫിലെ ലീനാ റാണിയാണ് വിജയിച്ചത്. 28 വർഷം തുടർച്ചയായി എൽ.ഡി.എഫ് വിജയിച്ച സീറ്റാണ് യു.ഡി.എഫ് തിരിച്ചു പിടിച്ചത്. കോട്ടയം രാമപുര അമനകര വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബെന്നി തെരുവത്ത് വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനാണ് വിജയിച്ചത്.
പത്തനംതിട്ട നഗരസഭയിൽ ഉപതിരഞ്ഞെടുപ്പിൽ യു.ഡിഎ.ഫ് വിമതനു ജയം. കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന അൻസർ മുഹമ്മദാണ് ജയിച്ചത്. വയനാട് ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ റിനു ജോൺ 51 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിന് 422 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി റെബി പോളിനു 371 വോട്ടും ബി.ജെ.പിക്ക് 37 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു.